മിനിമം ചാർജ് 12 രൂപയാക്കണം; നവംബര്‍ 9 മുതല്‍ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

 

ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. മുന്‍പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണ്. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധനകൂടി വന്നതോടെ ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലെന്നും ബസ് ഉടമകളുടെ സയുക്ത സമതി പറയുന്നു.

മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1രൂപയാക്കുക, വിദ്യാർത്ഥിയാത്ര മിനിമം 6 രൂപയും തുടർന്നുള്ള ചാർജ് 50 ശതമാനവും ആക്കുക, കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉടനടി അംഗീകരിച്ചു കിട്ടണമെന്ന് ആവശ്യപെട്ടു കൊണ്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് ബസ് ഉടമകളുടെ സംയുക്ത സമതി നോട്ടീസ് നൽകി.

തങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിച്ച് കിട്ടുന്നതിനായി നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് ബസ് നിർത്തിവെക്കേണ്ടിവരുമെന്ന് സംയുക്ത സമതി അറിയിച്ചു. സമരം തുടങ്ങുന്ന ദിവസം മുതൽ ബസ് ഉടമ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല റിലേ സത്യാഗ്രഹം നടത്തുമെന്നും സമിതി ഭാരവാഹികളായ ലോറൻസ് ബാബു (ചെയർമാൻ), ടി, ഗോപിനാഥൻ (ജനറൽ കൺവീനർ), ഗോകുലം ഗോകുൽദാസ് (വൈസ് ചെയർമാൻ) തുടങ്ങിയവർ അറിയിച്ചു.