രോഗിയെ പുഴുവരിച്ച സംഭവം: മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ നടപടി പുനഃപരിശോധിക്കാമെന്ന് യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കി. നാളെ വൈകുന്നേരത്തികം ഡിഎംഇ റിപോര്‍ട്ടിന്‍മേല്‍ നടപടി ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

 

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചത്. കൊവിഡ് കാലത്തെ ജോലിഭാരവും ജീവനക്കാരുടെ കുറവും അടക്കം ചൂണ്ടിക്കാട്ടിയാണ് സമരക്കാര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തിരുന്നത്. അഞ്ച് പേരുടെ ജോലി ചെയ്യാന്‍ പലപ്പോഴും ഒരാളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുള്ളത്. രോഗികള്‍ ദിവസം തോറും കൂടിവരികയാണ്. സസ്‌പെന്‍ഷന്‍ നടപടി ആരോഗ്യപ്രവര്‍ത്തകരെ ബലിയാടാക്കുന്നതാണെന്നും ആരോപിച്ചായിരുന്നു സമരം.

 

ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങള്‍ സങ്കടകരമാണെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു. സമാനതകളില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്നതെന്നും മുന്‍ അനുഭവങ്ങളും ഇല്ലെന്ന് പറഞ്ഞ അവര്‍, ആയിരക്കണക്കിന് വരുന്ന രോഗികളെ പരിചരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പെടാപ്പാടു പെടുകയാണെന്നും വിശദീകരിച്ചു. ഈ ഘട്ടത്തിലും ചെറിയ വീഴ്ചകള്‍ പോലും പര്‍വ്വതീകരിക്കാന്‍ ശ്രമം നടക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.