മാലിദ്വീപില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാന്‍ ഇന്ത്യ

 

ന്യൂഡല്‍ഹി: മാലിദ്വീപില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാനൊരുങ്ങി ഇന്ത്യ. മാലിദ്വീപിലെ അദ്ദു നഗരത്തിലാണ് ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുറക്കുന്നത്. ഇതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് കോണ്‍സുലേറ്റ് ആരംഭിക്കാനുള്ള അംഗീകാരം നല്‍കിയത്. മാലിദ്വീപില്‍ ഇന്ത്യയുടെ നയതന്ത്ര സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിലവിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കോണ്‍സുലേറ്റ് നിര്‍മ്മാണം സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ദ്വീപ് രാജ്യങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം നിലവില്‍ വന്നത്. ഇന്ത്യയുടെ പ്രധാന സമുദ്ര അയല്‍ രജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. കോണ്‍സുലേറ്റ് രൂപീകരണത്തിലൂടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാവര്‍ക്കും സുരക്ഷയും വികസനവും നല്‍കുകയാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.