Headlines

ഐഎസ്എല്ലിനായി കലൂര്‍ സ്റ്റേഡിയം സജ്ജമാകുമോ? ജിസിഡിഎയോട് ചോദ്യങ്ങളുമായി ഹൈബി ഈഡൻ എംപി, ‘കരാറിന്‍റെ പകര്‍പ്പ് ലഭ്യമാക്കണം’

കൊച്ചി: അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിൽ ജിസിഡിഎയോട് ചോദ്യങ്ങളുമായി എറണാകുളം എംപി ഹൈബി ഈഡൻ. സ്പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിന്‍റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ഹൈബി ഈഡൻ എംപി ജിസിഡിഎയോട് ആവശ്യപ്പെട്ടു. സ്പോർട്സ് കേരള ഫൗണ്ടേഷന് നവീകരണ പ്രവർത്തനങ്ങളിലുള്ള പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഡിസംബറിലെ ഐഎസ്എൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ സ്റ്റേഡിയം സജ്ജമാകുമോയെന്നും അർജന്റീന മത്സരം നടക്കാത്ത സാഹചര്യത്തിൽ സ്പോൺസർക്ക് സ്റ്റേഡിയത്തിലുള്ള അവകാശങ്ങൾ നിലനിൽക്കുന്നുണ്ടോയെന്നും എംപി കത്തിൽ ചോദിക്കുന്നുണ്ട്. ലയണൽ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും മത്സരത്തിന്‍റെ പേരിൽ കലൂര്‍ സ്റ്റേഡിയത്തിൽ നടത്തിവരുന്ന നവീകരണ പ്രവര്‍ത്തനങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടാണ് എംപിയുടെ കത്ത്.

ഗ്രേറ്റര്‍ കൊച്ചിൻ ഡെവലപ്മെന്‍റ് അതോറിറ്റി (ജിസിഡിഎ) ചെയര്‍മാനാണ് കത്ത്. സ്റ്റേഡിയം നവീകരണത്തിനും പരിപാടികളുടെ ആതിഥേയത്വവും സംബന്ധിച്ച് ജിസിഡിഎ ഏതെങ്കിലും സ്പോണ്‍സര്‍ കമ്പനിയുമായി എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക കരാറിലോ ധാരണാപത്രത്തിലോ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും ഏര്‍പ്പെട്ടിട്ടുണ്ടെങ്കിൽ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോയെന്നാണ് എംപിയുടെ ആദ്യത്തെ ചോദ്യം. നവീകരണ പദ്ധതിയുടെ നിലവിലെ സമയക്രമങ്ങളും വ്യാപ്തിയും എന്തൊക്കെയാണെന്നും ഭാവിയിലെ കായിക, സാംസ്കാരിക പരിപാടികള്‍ക്ക് നവീകരണം ഗുണം ചെയ്യുമോയെന്നും എംപി കത്തിൽ ചോദിക്കുന്നുണ്ട്. ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ജിസിഡിഎയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും എംപി ആവശ്യപ്പെട്ടു.
.