Headlines

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിക്കും

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക പലയിടങ്ങളിലും വളരെ മോശം അവസ്ഥയിലാണുള്ളത്. ആർ കെ പുരം, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽ 300 നു മുകളിലാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ദീപാവലിയ്ക്ക് ശേഷം ഉയർന്ന വായു മലിനീകരണ തോത് ഇതുവരെ കുറഞ്ഞിട്ടില്ല. എന്നാൽ മലിനീകരണ തോത് ഉയർന്നതോടെ ക്ലൗഡ് സീഡിംഗ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്യിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഇന്നലെ ഖേക്ര, ബുരാരി, മയൂര്‍ വിഹാര്‍, കരോള്‍ബാഗ് എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടന്നത്. കൃത്രിമ മഴ ലഭിച്ചാൽ വായുമലിനീകരണത്തിന് ആശ്വാസം ഉണ്ടാകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

വായുമലിനീകരണം ഉയർന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ആലോചന. ബി എസ് 6 നിലവാരത്തിന് താഴെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കില്ല എന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു. ബി എസ് സിക്സ് എൽ എൻ ജി സി എൻ ജി ഇ വി ഒഴികെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്കാണ് വിലക്ക്.

ബി എസ് ഫോർ വാണിജ്യ ചരക്ക് വാഹനങ്ങൾക്ക് അടുത്തവർഷം ഒക്ടോബർ 31 വരെ മാത്രമാണ് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുന്നത്.