ദീപാവലി; ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരം

ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം. രാവിലെ 7 മണിക്ക് വായു ഗുണനിലവാര സൂചിക (AQI) 347 രേഖപ്പെടുത്തി. ഡൽഹിയിലെ പലകേന്ദ്രങ്ങളിലും, AQI 400 ന് മുകളിൽ രേഖപ്പെടുത്തി.
നോയിഡ 392, സെൻട്രൽ ഡൽഹി- 409, ആനന്ദ് വിഹാർ 500, രോഹിണി 500,പഞ്ചാബി ബാഗ് 899, നാരായണ 611 എന്നിങ്ങനെയാണ് വായു ഗുണനിലവാരം. നഗരത്തിലെ മുപ്പത്തിയേഴ് നിരീക്ഷണ കേന്ദ്രങ്ങളിൽ മുപ്പത്തി നാല് എണ്ണവും റെഡ് സോണിൽ ആണ്.

വായു ഗുണനിലവാരം മോശമായതിനെത്തുടർന്ന് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) സ്റ്റേജ് II എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ (CAQM) ദില്ലി-എൻസിആറിൽ നടപ്പാക്കിയിട്ടുണ്ട്.ശക്തമായ കാറ്റിന്റെ അഭാവം കാരണം പുക നിറഞ്ഞ അന്തരീക്ഷം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ഡൽഹിയ്ക്ക് പുറമെ ഇന്നലെ രാവിലെ മുംബൈയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI) ഗണ്യമായി ഇടിഞ്ഞു. നഗരത്തിൽ വായു ഗുണനിലവാര സൂചിക 187 ആണ് രേഖപ്പെടുത്തിയത്, ഒക്ടോബർ 10ന് മൺസൂൺ പിൻവാങ്ങിയതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും മോശം അവസ്ഥയാണിത്.