കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേള മെഡിക്കൽ കോളജിലെ പൊട്ടിപൊളിഞ്ഞ ട്രാക്കിൽ. അറ്റകുറ്റ പണികൾ നടത്താത്ത ട്രാക്കിൽ മത്സരങ്ങൾ നടത്തുന്നതിൽ ആശങ്കയിലാണ് അധ്യാപകരും വിദ്യാർത്ഥികളും. ഫീസ് ഈടാക്കി വിട്ട് നൽകിയ സിന്തറ്റിക്ക് ട്രാക്കിലാണ് ഈ സാഹചര്യം.
ഇന്നലെയും ഇന്നും നാളെയുമായാണ് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേള കോഴിക്കോട് മെഡിക്കൽ കോളജ് സിന്തറ്റിക്ക് സ്റ്റേഡിയത്തിൽ നടക്കുന്നത്. അറ്റകുറ്റപ്പണിയില്ലാതെ നാശത്തിന്റെ വക്കിലായ സ്റ്റേഡിയം ഒരു കാലത്ത് കോഴിക്കോടിന്റെ അഭിമാനമായിരുന്നു. ദേശീയ ഗെയിംസിനും ഐലീഗ് മത്സരങ്ങൾക്കും വരെ സ്റ്റേഡിയം ഒരു കാലത്ത് വേദിയായിരുന്നു. ഇന്ന് കായിക വിദ്യാർത്ഥികൾ ആശങ്കയോടെയാണ് ഈ ട്രാക്കിലിറങ്ങുന്നത്.
ഒരു ദിവസത്തിന് 14500 രൂപ ഫീസ് ഇടാക്കിയാണ് ട്രാക്ക് കായിക മേളക്കായി ഉപയോഗിക്കുന്നത്. അറ്റകുറ്റപണിക്ക് മൂന്ന് ലക്ഷത്തോളം രൂപയേ ചിലവ് വരൂ എന്നിരിക്കെയും മതിയായ തുക ലഭ്യമല്ലാത്തതിനാൽ സ്റ്റേഡിയം നവീകരിക്കാൻ സാധിക്കുന്നില്ലെന്നാണ് വിശദീകരണം.