Headlines

ഭൂട്ടാന്‍ കാര്‍ ഇടപാട് വിടാതെ കേന്ദ്ര ഏജന്‍സികള്‍; മമ്മൂട്ടിക്കും ദുല്‍ഖറിനും പിന്നാലെ പൃഥ്വിരാജിന്റെ വീട്ടിലും ഇഡി റെയ്ഡ്

ഭൂട്ടാന്‍ കാര്‍ ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇഡിയുടെ വ്യാപക റെയ്ഡ്. മമ്മൂട്ടിക്കും ദുല്‍ഖറിനും പിന്നാലെ പൃഥ്വിരാജിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നു. പൃഥ്വിരാജിന്റെ വീടുകളിലും ഫ്‌ലാറ്റിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് 17 ഇടങ്ങളിലാണ് ഒരേ സമയം പരിശോധനകള്‍ നടക്കുന്നത്. നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത്ത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധനകള്‍ നടക്കുകയാണ്.

കാര്‍ ഇടപാടിന്റെ ഭാഗമായി ഫെമ നിയമത്തിന്റെ ലംഘനമുണ്ടായിട്ടുണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ തേടിയാണ് പരിശോധനകള്‍. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ കൊച്ചിയിലെ പഴയ വീട്ടിലും നടന്റെ ഇപ്പോഴത്തെ കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

കടവന്ത്രയിലേയും ചെന്നൈയിലേയും ദുല്‍ഖര്‍ സല്‍മാന്റെ വീട്ടിലും ഇഡി സംഘം എത്തിയിട്ടുണ്ട്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വ്യവസായികള്‍, വാഹന ഡീലര്‍മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നും അത് നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു എന്നുമാണ് കസ്റ്റംസ് കണ്ടെത്തിയത്. കസ്റ്റംസ് നടന്‍മാരുടെ അടക്കം 37 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി രംഗത്ത് എത്തിയിരിക്കുന്നത്.