Headlines

നിയമസഭ തിരഞ്ഞെടുപ്പ്: വയനാട്ടിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി മുന്നണികൾ

നിയമസഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ മേൽക്കൈയുടെ ഊർജത്തിലാണ് മാനന്തവാടിയിലെ യുഡിഎഫ് ക്യാമ്പ്. മണ്ഡലം പിടിച്ചെടുക്കുമെന്നാണ് പ്രഖ്യാപനം. മന്ത്രി ഒ ആർ കേളുവിന് തന്നെയാകും എൽഡിഎഫ് പരിഗണന.മാനന്തവാടി മാത്രമാണ് എൽഡിഎഫിന് വയനാട്ടിൽ ആകെയുള്ള നിയമസഭ സീറ്റ്. ഒ ആർ കേളുവല്ലാതെ മറ്റൊരു പേര് ഇവിടെ എൽഡിഎഫിനില്ല. അതുകൊണ്ട് ടേം ഇളവിൽ പ്രഥമ പരിണന ഒ ആർ കേളുവിന് തന്നെയാണ്. യുഡിഎഫ് സ്വാധീനമുള്ള മണ്ഡലം രണ്ട് തവണയായി നിലനിർത്തുന്നത് ഒ ആർ കേളുവിൻറെ വ്യക്തമപരമായ മികവായാണ് കണക്കാക്കുന്നത്. പട്ടികവർഗ സംവരണ മണ്ഡലമായ മാനന്തവാടിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടുകളുടെ മേൽക്കൈയാണ് യുഡിഎഫിനുള്ളത്.മുൻ എംഎൽഎ കെകെ അണ്ണൻറെ മകനും അധ്യാപകനുമായ മുരളീദാസ് ആണ് പരിഗണനയിലുള്ള മറ്റൊരാൾ. വനിതകൾക്ക് സീറ്റ് നൽകാൻ തീരുമാനിച്ചാൽ മുൻ മന്ത്രി പികെ ജയലക്ഷ്മി സ്ഥാനാർഥിയായേക്കും. എടവക പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമായ ഉഷ വിജയൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മീനാക്ഷി രാമൻ എന്നിവരുടെ പേരുകളും പരഗിണനയിലുണ്ട്. ജനാധിപത്യ രാഷ്ട്രീയ പാർട്ടി അധ്യക്ഷ സികെ ജാനുവിനേയും പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

സീറ്റിന് വേണ്ടി ജെആർപി ശക്തമായ ആവശ്യം ഉന്നയിക്കുന്നുണ്ട്. പണിയ സമുദായത്തിൽ നിന്നുള്ള ആദ്യ എംബിഎ ബിരുദധാരിയും സാമൂഹ്യപ്രവർത്തകനുമായ മണിക്കുട്ടൻ പണിയനു വേണ്ടി നവമാധ്യമങ്ങളിൽ പ്രചരണം ശക്തമാണ്. നേരത്തെ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തിട്ടും മണിക്കുട്ടങ്ങൻ വഴങ്ങിയിരുന്നില്ല. കോൺഗ്രസ് പുതുമുഖങ്ങളെ പരീക്ഷിക്കാൻ തീരുമാനിച്ചാൽ മണിക്കുട്ടനും നറുക്ക് വീണേക്കാം.