Headlines

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തി; രേഖകൾ പിടിച്ചെടുത്ത് ED

ശബരിമല സ്വർണക്കൊള്ളയിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തിയെന്ന് ഇ ഡിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിക്കൂട്ടിയ ആസ്തി സംബന്ധിച്ച രേഖകൾ വീട്ടിൽ നിന്ന് ലഭിച്ചു. ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിൽ വൻ ക്രമക്കേടെന്നും കണ്ടെത്തൽ. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തു.തട്ടിപ്പിന് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. ശബരിമലയിലെ മറ്റ് ക്രമക്കേടുകളിലും നിർണായക വിവരങ്ങൾ ഇഡിയ്ക്ക്. സ്മാർട്ട് ക്രിയേഷൻസിന്റെയും ഗോവർദ്ധന്റെയും ഇടപാടുകളിലും ദുരൂഹത. പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ച സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടും.അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ എസ്ഐടി സംഘം ശ്രീകോവിലിന് സമീപത്തെ സ്വർണ്ണപ്പാളിയിലും സ്ട്രോങ്ങ് റൂമിൽ അടക്കം പരിശോധന നടത്തിയെന്നാണ് സൂചന. പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്നും നാളെയും എസ്ഐടി സംഘം സന്നിധാനത്ത് തുടരും.

കൊടിമരം മാറ്റി സ്ഥാപിച്ചതിൽ അടക്കം എസ്ഐടി വിവരങ്ങൾ ശേഖരിക്കും. ഇന്നലെ ഉച്ചയോടുകൂടിയാണ് എസ് പി ശശിധരൻ അടക്കമുള്ള അന്വേഷണസംഘം സന്നിധാനത്ത് എത്തിയത്. ഹൈക്കോടതിയുടെ അനുമതി പ്രകാരം ആയിരുന്നു സന്നിധാനത്തെ പരിശോധനയും തെളിവ് ശേഖരണവും.