മാധ്യമമേഖലയെ ഞെട്ടിച്ച ടെലിവിഷൻ റേറ്റിങ് തിരിമറിയിൽ, മുംബൈയിലെ ബാർക് ആസ്ഥാനത്ത് നേരിട്ടെത്തി അന്വേഷണവുമായി കേരളാ പൊലീസ്. ഇടനിലക്കാരനും ബാർക് ജീവനക്കാരനുമായ പ്രേംനാഥിന്റെ ഫോൺ പിടിച്ചെടുത്തു. ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. മലയാളികൾ ഉൾപ്പെടെ ജീവനക്കാരുടെ മൊഴിയെടുത്തു. തട്ടിപ്പ് നടന്ന കാലയളവിലെ വിശദമായ റേറ്റിങ് വിശദാംശം നൽകാൻ നോട്ടീസ് നൽകി. പ്രേംനാഥിനെ മാറ്റി നിർത്തിയെന്നാണ് ബാർകിന്റെ വിശദീകരണം. ബാർക് റേറ്റിങ് വൻ തിരിമറി നടക്കുന്നെന്ന ഞെട്ടിക്കുന്ന വിവരം ട്വന്റിഫോറാണ് ഓപറേഷൻ സത്യയിലൂടെ പുറത്ത് വിട്ടത്.ബാർക്കിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ബാർകിലെ മലയാളി ഉദ്യോഗസ്ഥരായ സുമ, മനോജ് നായർ എന്നിവരിൽ നിന്നും കേരള പൊലീസ് മൊഴി രേഖപ്പെടുത്തി. കഴിഞ്ഞവർഷം നവംബർ 27 നാണ് ബാർക് റേറ്റിംഗ് തട്ടിപ്പ് ട്വൻ്റിഫോർ പുറത്തുവിട്ടത്. ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ഫോണിൽ നിന്ന് രേഖകൾ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ് കേരള പൊലീസിൻ്റെ അടുത്ത നടപടി. പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധനയും നടന്നു വരുന്നു. പ്രേംനാഥിൻ്റെ പേരിലുള്ള സിം കാർഡുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിശദാംശങ്ങൾ ഹാജരാക്കാനും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.ബാർക്ക് റേറ്റിംഗ് തട്ടിപ്പ് നടന്ന കാലയളവിലെ വിശദമായ റേറ്റിംഗ് ഡാറ്റയും നൽകാൻ അന്വേഷണ സംഘം ബാർക്ക് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബാർക്ക് ഉദ്യോഗസ്ഥരിൽനിന്ന് പൊലീസ് ആവശ്യപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ നൽകിയ നോട്ടീസിൻ്റെ മറുപടിക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കളമശ്ശേരി എസ്എച്ച്ഒ ദിലീഷ് ടി., ഗ്രേഡ് എസ്. ഐ. സെബാസ്റ്റ്യൻ ആൻ്റണി, സൈബർ ഡോം ASI ഡെൽഫിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് മുംബെയിലെ ബാർക്ക് ഓഫീസിലെത്തിയത്.
റേറ്റിങ് തിരിമറി: കേരളാ പൊലീസ് ബാർക് ആസ്ഥാനത്ത്; ഇടനിലക്കാരൻ പ്രേംനാഥിന്റെ ഫോൺ പിടിച്ചെടുത്തു








