Headlines

ഓപ്പറേഷന്‍ നംഖോര്‍; ദുല്‍ഖര്‍ സല്‍മാന് താത്കാലിക ആശ്വാസം; വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

ഓപ്പറേഷന്‍ നംഖോറുമായി ബന്ധപ്പെട്ട കേസില്‍ ദുല്‍ഖര്‍ സല്‍മാന് താത്കാലിക ആശ്വാസം. വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി. ദുല്‍ഖര്‍ അപേക്ഷ കൊടുക്കണമെന്നും 20 വര്‍ഷത്തെ വാഹനത്തിന്റെ വിവരങ്ങള്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. ഇത് പരിഗണിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അപേക്ഷ തള്ളിയാല്‍ കൃത്യമായ കാരണം ബോധിപ്പിക്കണം എന്നും കസ്റ്റംസിനോട് ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്

അന്വേഷണത്തിന് വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണോ എന്ന് കസ്റ്റംസിനോട് ഹൈക്കോടതി ചോദിച്ചു. രേഖകളുടെ അടിസ്ഥാനത്തിലല്ലേ അന്വേഷണം എന്നും ഹൈക്കോടതി ചോദിച്ചു. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗാരന്റി നല്‍കാമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി.

ദുല്‍ഖറിനെതിരെ ശക്തമായ നിലപാടാണ്് കസ്റ്റംസ് കോടതിയില്‍ എടുത്തത്. കള്ളക്കടത്ത് വാഹനമാണെന്ന പ്രാഥമിക വിലയിരുത്തടിസ്ഥാനത്തിലാണ് ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥന് ഇതുമായി ബന്ധപ്പെട്ടുള്ള അധികാരമുണ്ട്. ദുല്‍ഖറിന്റെ വാദങ്ങള്‍ അപക്വം. കടത്തിക്കൊണ്ടുവന്ന വാഹനമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അന്വേഷണം പുരോഗമിക്കുന്നു. രണ്ട്. വാഹനം കൂടി ദുല്‍ക്കറിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തില്‍ 150 ലധികം കടത്ത് വാഹനങ്ങള്‍ ഓടുന്നു. അവയില്‍ ചില വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചു – എന്നിങ്ങനെയെല്ലാമാണ് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയത്.

ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.