ലഡാക്കിലെ സംഘർഷത്തിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ് ചുക് അറസ്റ്റിൽ. പ്രകോപന പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലഡാക് പൊലീസാണ് അറസ്റ്റ് ചെയ്തത്. ലേയിൽ വച്ചാണ് സോനം വാങ് ചുക് അറസ്റ്റിലായത്. കേന്ദ്ര അന്വേഷണ ഏജൻസികൾ സോനം വാങ് ചുകിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ലഡാക്കിലെ പ്രക്ഷോഭം നടന്ന് രണ്ട് ദിവസത്തിന് ശേഷം സോനം വാങ് ചുകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രക്ഷോഭത്തിന് കാരണമായത് സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണെന്ന് ലഡാക്ക് ഭരണകൂടവും കേന്ദ്രസർക്കാരും ആരോപിച്ചിരുന്നു. സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണ് യുവാക്കളെയും ലഡാക്കിലെ ജനങ്ങളെയും പ്രകോപിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നത്. സോനം വാങ്ചുക്കിന്റെ എൻ.ജി.ഒക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരുന്നു. എൻ.ജി.ഒയുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.
സമീപകാലത്ത് സോനം വാങ്ചുക്കിന്റെ എൻ.ജി.ഒ ക്രമരഹിതമായ നിക്ഷേപങ്ങൾ, ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട് (FCRA) അക്കൗണ്ടിലെ പ്രാദേശിക ഫണ്ടുകൾ, വിദേശ സഹായം എന്നിവയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായി പണം സ്വീകരിച്ചു എന്ന വിവരത്തെ തുടർന്ന് സിബിഐയും അന്വേഷണം ആരംഭിച്ചിരുന്നു. ലഡാക്കിലെ പ്രതിഷേധങ്ങൾ ശക്തമായതിനു പിന്നാലെയാണ് ഈ അന്വേഷണങ്ങൾ സജീവമായത്.