ആഗോള അയ്യപ്പസംഗമം; ഭക്തർക്ക് വീണ്ടും നിയന്ത്രണം; വെർച്ചൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തു

ആഗോള അയ്യപ്പസംഗമത്തിന്റെ ഭാഗമായി ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന ദേവസ്വം മന്ത്രിയുടെ വാക്ക് പാഴ്‌വാക്കാകുന്നു. വെർച്ചൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തു. 19, 20 തീയതികളിലെ വെർച്ചൽ ക്യൂ സ്ലോട്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. ഇരുപതിനായിരം വീതം തീർത്ഥാടകരെ മാത്രമാണ് ഇന്നും നാളെയും അനുവദിച്ചിരിക്കുന്നത്.

ഭക്തർക്ക് ഇനി ദർശനത്തിനായി 21 തീയതി മാത്രമാകും ബുക്ക് ചെയ്യാനാവുക. പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് ഭക്തർക്ക് നിയന്ത്രണ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് ഇന്നലെയും ദേവസ്വം മന്ത്രി ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് വെർച്ചൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്.

സാധാരണ ഭക്തർക്ക് തടസമുണ്ടാകരുതെന്ന ഹൈക്കോടതി നിർദേശം കൃത്യമായി പാലിച്ച് മുന്നോട്ടു പോകുമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറയുന്നത്. രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമത്തിലുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർക്ക് ഒപ്പം മത സമുദായ സംഘടന നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.