Headlines

25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്; 16 കോടി രൂപ എത്തിയത് ഹൈദരാബാദിലെ അക്കൗണ്ടിൽ; സുജിതയ്ക്ക് വേറെയും അക്കൗണ്ടുകൾ

കൊച്ചി ഓൺലൈൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയ 25 കോടിയിൽ 16 കോടിയും എത്തിയത് ഹൈദരാബാദിലെ അക്കൗണ്ടിൽ. ഈ അക്കൗണ്ട് ഉടമ മറ്റൊരു തട്ടിപ്പ് കേസിൽ ജയിലിലാണ്. ഹൈദരാബാദിലെത്തി ഇയാളുടെ അറസ്റ്റും അടുത്ത ദിവസം രേഖപ്പെടുത്തും. അറസ്റ്റിലായ സുജിതയ്ക്ക് തട്ടിപ്പിനായി വേറെയും അക്കൗണ്ടുകൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി.

തനിക്ക് വീട്ടുജോലി ആ‌ണെ സുജിത പറഞ്ഞത് കള്ളം എന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിലൂടെ വന്ന പണം വിദേശത്തേക്ക് അയച്ചതും സുജിതയാണ്. തുക കൈമാറുന്നതിന് സുജിത കമ്മീഷനും കൈപ്പറ്റിയിരുന്നു. സംഘത്തിലുള്ള മലയാളികളാണ് സുജിതയെ തട്ടിപ്പ് സംഘത്തിൽ എത്തിച്ചത്. കേസിലെ മറ്റു മലയാളികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി.

ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയെ വിളിച്ച ഡാനിയേൽ മലയാളിയാണെന്നും പൊലീസ് കണ്ടെത്തി. കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. പരാതിക്കാരൻ 20 ഓളം അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്ന് കേസിൽ അറസ്റ്റിലായ സുജിതയുടെ അക്കൗണ്ടിലേക്ക് പണം എത്തി.