ശിവഗിരി വിഷയത്തിൽ കോൺഗ്രസ് മുതിർന്ന നേതാവ് എ കെ ആന്റണിയെ തള്ളി എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറി കെ എ ബാഹുലേയൻ. ശിവഗിരിയിൽ അരങ്ങേറിയത് പൊലീസിന്റെ നരനായാട്ട്. എ കെ ആന്റണി പറഞ്ഞത് അവാസ്തവമാണ്. ഒരു മാസം മുൻപ് തന്നെ റൂറൽ എസ് പി ശങ്കർ റെഡിയുടെ നേതൃത്വത്തിൽ പോലീസ് ദ്രുത കർമ്മ സേനയെ സജ്ജമാക്കിയിരുന്നുവെന്നും അന്ന് ശിവഗിരി ആക്ഷൻ കൗൺസിൽ ഭാരവാഹിയായിരുന്ന കെ എ ബാഹുലേയൻ പറഞ്ഞു.
പൊലീസിന്റെ നരനായാട്ട് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗം. സന്യാസിമാരെയും സ്ത്രീകളെയും അടക്കം തല്ലിച്ചതച്ചു. കോടതി വിധിയിൽ വ്യക്തത വരുത്തണമെന്ന് താൻ എ കെ ആന്റണിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. ട്രസ്റ്റ് സ്കീമിന് വിരുദ്ധമായാണ് വിധി വന്നിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി. അതൊന്നും സാധ്യമല്ല എന്നാണ് മുഖ്യമന്ത്രിയായ എ കെ ആന്റണി മറുപടി നൽകിയതെന്ന് ബാഹുലേയൻ പറഞ്ഞു.
കോടതി വിധി നടപ്പിലാക്കാൻ എ കെ ആന്റണി വലിയ തിടുക്കം കാട്ടിയെന്ന് ബാഹുലേയൻ കുറ്റപ്പെടുത്തി. മന്ത്രി സി വി പത്മരാജനെയും നേരിൽ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടു. അതൊന്നും നടക്കില്ല എന്നായിരുന്നു മറുപടി. ഞങ്ങൾ പൊലീസിനെ ഉപയോഗിച്ച് അതെല്ലാം ശരിയാക്കും എന്ന് ദേഷ്യത്തിൽ സി വി പത്മരാജൻ മറുപടി നൽകിയത്. പിന്നാലെ വക്കം പുരുഷോത്തമനെ ബന്ധപ്പെട്ടു. എ കെ ആൻ്റണിയും സി വി പത്മരാജനും പറഞ്ഞത് തന്നെ നടപ്പാക്കുമെന്ന് അദേഹവും മറുപടി നൽകിയെന്ന് ബാഹുലേയൻ പറഞ്ഞു.
പൊലീസ് മർദ്ദനം ഭീകരമായിരുന്നുവെന്ന് ബാഹുലേയൻ പറഞ്ഞു. താൻ അടക്കമുള്ളവർക്ക് മർദ്ദനമേറ്റു. ഭീകര മർദ്ദനമേറ്റ പവിത്രാനന്ദ സ്വാമികൾ പിന്നെ കിടക്കയിൽ കിടക്കയിൽ കിടന്നു മരിച്ചു. അസ്പർശാനന്ദ സ്വാമികളുടെ കണ്ണ് അടിച്ചു പൊട്ടിച്ചു. അദ്ദേഹവും മരിച്ചു. ഗുരു ഭക്തയായ ദാക്ഷായണി അമ്മ പൊലീസ് മർദനത്തെ തുടർന്ന് കിടന്ന് ദുരിതമനുഭവിച്ച് മരിച്ചു. അങ്ങനെ നിരവധി പേരുണ്ടെന്ന് അദേഹം പറഞ്ഞു.
പൊലീസ് നരനായാട്ട് അനിവാര്യമായിരുന്നു എന്നാണ് സച്ചിദാനന്ദ സ്വാമി പറഞ്ഞത്. അദ്ദേഹത്തെ സംബന്ധിച്ച് അത് അനിവാര്യമായിരുന്നു, കാരണം അദ്ദേഹമുൾപ്പടെയുള്ളവരാണ് അത് ചെയ്യിപ്പിച്ചത്. ജഡ്ജി ബാലസുബ്രഹ്മണ്യവും അതിൽ ഭാഗമായി എന്ന് സംശയിക്കുന്നു. കേരളത്തിന്റെ മണ്ണിൽ ആദ്യമായി വിഘടനവാദം ഉണ്ടാക്കിയത് ആന്റണിയാണ്.
എ കെ ആന്റണി അന്ന് ഭീകരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. എ കെ ആന്റണി നിരപരാധിയെ പോലെ വർത്തമാനം പറയാൻ അറിയാം എന്നു പറഞ്ഞ് എന്ത് കള്ളവും പറയാമോയെന്ന് ബാഹുലേയൻ ചോദിച്ചു. ദുഃഖപുത്രനായി അഭിനയിച്ച് ഇങ്ങനെയൊക്കെ പറയാമോ. ശ്രീനാരായണീർ ആരും എ കെ ആന്റണിയോട് പൊറുക്കില്ല. ചെയ്തത് തെറ്റായി എന്ന് എ കെ ആന്റണി ഒരിക്കൽ അംഗീകരിച്ചത് ഇനിയും അംഗീകരിക്കണം. തിരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടി എന്തും പറയാം എന്ന് ആന്റണി കരുതരുതെന്ന് ബാഹുലേയൻ പറഞ്ഞു.