Headlines

പാർട്ടി നിലപാട് വേദനയുണ്ടാക്കി; ഗുരുദേവന്റ ദർശനത്തോട് ബിജെപി യോജിച്ച് പോകില്ല, കെ എ ബാഹുലേയൻ

ചതയ ദിനാഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്‍സില്‍ അംഗവും മുതിർന്ന നേതാവുമായ കെ എ ബാഹുലേയൻ ബി ജെ പിയിൽ നിന്ന് രാജിവെച്ചു. കേരളത്തിൻറെ ചരിത്രത്തിൽ ഒരു രാഷ്ട്രീയ പാർട്ടി പിന്നോക്ക സംഘടനയെ ചതയ ദിനാഘോഷം സംഘടിപ്പിക്കാൻ ഏൽപ്പിച്ചു, പാർട്ടിയുടെ ഈ നിലപാട് തനിക്ക് കടുത്ത മാനസിക വേദനയുണ്ടാക്കി. ശ്രീനാരായണ ഗുരുദേവനെ ചെറുതായി കാണാനുള്ള ശ്രമം പണ്ടുമുതൽ നടക്കുന്നുണ്ട്. ഗുരുദേവ ദർശനവുമായി യോജിച്ച് പോകുന്നതല്ല ബിജെപിയുടെ നിലപാടെന്നും കെ എ ബാഹുലേയൻ പറഞ്ഞു

ഗുരുദേവ ദർശനമാണ് തൻറെ ഏറ്റവും വലിയ ദർശനം. അതിന് കോട്ടം തട്ടിയാൽ പിന്നെ കേരളമില്ല.കേരളത്തിൽ നമ്മളെല്ലാവരും ശ്രീനാരായണീയരാണ് എന്ന് പറഞ്ഞത് മന്നത്ത് പത്മനാഭനാണ്. ഇനി ബിജെപിയുമായി യോജിച്ചു മുന്നോട്ടു പോകാൻ ആകില്ലെന്നും പാർട്ടിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ ഈ തീരുമാനം എങ്ങനെ ബാധിക്കും എന്ന് തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ്. ബിജെപിയുടേത് പൊറുക്കാൻ പറ്റാത്ത നിലപാടാണ്. ശ്രീരാമനവമി, ഗണേശോത്സവം, ശ്രീകൃഷ്ണ ജയന്തിയെല്ലാം ബിജെപി ആഘോഷിക്കുന്ന രീതി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഗുരുദേവനെ മാറ്റിനിർത്താൻ ശ്രമിക്കുന്ന നിലപാടാണ് ഇവിടെ കാണാൻ കഴിഞ്ഞത്. ഗുരുദേവന്റെ ചിത്രംവെക്കാൻ എളുപ്പമാണ്, എന്നാൽ ദർശനം പിന്തുടരുക എന്നത് അവർക്ക് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും കെ എ ബാഹുലേയൻ കൂട്ടിച്ചേർത്തു.

ഗുരുദേവന്റെ ചിത്രം വെക്കാൻ എളുപ്പമാണ്, എന്നാൽ ദർശനം പിന്തുടരുക എന്നത് ബിജെപിയ്ക്ക് എളുപ്പമല്ലെന്നും എസ്എൻഡിപി അസിസ്റ്റൻറ് സെക്രട്ടറി കൂടിയായ കെ എ ബാഹുലേയൻ തുറന്നടിച്ചു. ബിജെപിയുടേത് അങ്ങേയറ്റം മോശമായ നടപടിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ വിമർശനം.

ശ്രീനാരായണ ഗുരുദേവൻ്റെ ചരിത്രം പാഠപുസ്തകത്തിൽ നിന്ന് വെട്ടിമാറ്റിയവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിക്കാൻ ഒബിസി മോർച്ചയെ ഏൽപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ടി പി സെൻകുമാറും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.