ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണണെന്ന് സെൻസർ ബോർഡ് നിർദേശത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി സജി ചെറിയാൻ.
എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന ബിജെപി നേതാക്കൾ ജാനകി സിനിമയെക്കുറിച്ച് മിണ്ടുന്നില്ല. സിനിമയിൽ അഭിനയിച്ച ബിജെപി മന്ത്രിയുടെ നില ഇതാകുമ്പോൾ, സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് ചോദിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
സെൻസർ ബോർഡിന്റെ തീരുമാനം പിൻവലിക്കണമെന്നും, സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിനിമ സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് സർക്കാരിന്റെ മുഴുവൻ പിന്തുണ ഉണ്ടായിരിക്കുന്നതായും, സെൻസർ ബോർഡ് നിലപാട് മാറ്റേണ്ടതാണെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കുന്ന സമീപനമാണ് സെൻസർ ബോർഡിന്റേത്.
രാജ്യത്ത് ആരെന്ത് സംസാരിക്കണം, എങ്ങനെ പേരിടണം, എന്ത് ഭക്ഷണം കഴിക്കണം തുടങ്ങിയ കാര്യങ്ങൾ പോലും അവർ നിശ്ചയിക്കുന്ന അവസ്ഥയിലാണ് നാം എത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പൃഥ്വിരാജിന്റെ സിനിമയെയും ഇവർ സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി മന്ത്രി ആരോപിച്ചു. തങ്ങളുടെ ആശയത്തിനെതിരെ ആരെല്ലാം പറയുന്നു അവരെയെല്ലാം നിശബ്ദരാക്കുന്നു. ജാനകി സിനിമയെതിരായ വിവാദവും അതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.