ക്ഷേത്ര പരിസരത്ത് നിസ്കരിച്ച മുസ്ലിം ജീവനക്കാരൻ അറസ്റ്റിൽ; ജാമ്യം നിൽക്കുമെന്ന് ഹിന്ദു പുരോഹിതൻ

ക്ഷേത്ര പരിസരിത്ത് നിസ്‌കരിച്ചതിന് അറസ്റ്റിലായി മുസ്ലീം പരിചാരകനായി ജാമ്യം നിൽക്കാൻ സന്നദ്ധത അറിയിച്ച് ഹിന്ദു പുരോഹിതൻ. അലി മുഹമ്മദ് ആയിരുന്നു ബുദൗണിലെ ബ്രഹ്മദേവ് മഹാരാജ് ക്ഷേത്ര പരിസരത്ത് നിസ്‌കരിച്ചതിന് അറസ്റ്റിലായിരുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു അലി മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ബുദൗണിയിലെ മുഖ്യ പുരോഹിതൻ പരമാനന്ദ് ദാസ് ആണ് അലി മുഹമ്മദിനായി ജാമ്യം നിൽക്കുമെന്ന് അറിയിച്ചത്. അതേസമയം അലി മുഹമ്മദ് നിസികരിക്കുന്നതിന്റെ വീഡിയോ പകർത്തി പ്രചരിപ്പിച്ചതിനെ പരമാനന്ദ് ദാസ് അപലപിച്ചു. ഗ്രാമപഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. മൂന്ന് പതിറ്റാണ്ടിലേറെയായി ബ്രഹ്മദേവ് മഹാരാജ് ക്ഷേത്രത്തിൽ ജോലി ചെയ്ത് വരുന്ന അലിക്കെതിരെ മതവികാരം വൃണപ്പെടുത്തിയതിനാണ് കേസെടുത്തത്. അറസ്റ്റിലായ അലിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

ബുദൗണിലെ കാല ഗ്രാമത്തിലാണ് 60കാരനായ അലി താമസിച്ചുവരുന്നത്. കുടുംബവുമായി ബന്ധമില്ലാത്ത അലി ബ്രഹ്മദേവ് മഹാരാജ് ക്ഷേത്രത്തിൽ വളരെക്കാലമായി അടുത്ത് നിൽക്കുന്നയാളാണ്. 35 വർഷത്തിലേറെയായി അലി ക്ഷേത്രം പരിപാലിച്ചുവരികയായിരുന്നു. ക്ഷേത്രം വൃത്തിയാക്കുന്നതിനും ആരതി നടത്തുന്നതിനും അലി സഹായം ചെയ്ത് നൽകി വരികയായിരുന്നു. എന്നാൽ ക്ഷേത്ര പരിസരത്ത് നിസ്‌കരിക്കുന്ന അലിയുടെ വീഡിയോ രണ്ട് മാസം മുൻപാണ് പകർത്തിയത്. കഴിഞ്ഞമാസം 28നാണ് ഇത് സമൂമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചത്. പിന്നാലെയാണ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അലിയുടെ അറസ്റ്റ് തന്നെ ഞെട്ടിച്ചെന്ന് പരമാനന്ദ ദാസ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. വീഡിയോ പകർത്തി പ്രചരിപ്പിച്ചയാൾ അലി ചെയ്തതിനേക്കാൾ വലിയ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും മതത്തിന് മുകളിലാണ് മനുഷ്യത്വമെന്നും അദേഹം പറഞ്ഞു. സംഭവത്തിൽ അലിക്ക് പൂർണ പിന്തുണ നൽകുമെന്ന് പുരോഹിതൻ വ്യക്തമാക്കി.