വടക്കേ ഇന്ത്യയിൽ കാലവർഷം കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളെ മഴക്കെടുതി ഗുരുതരമായി ബാധിച്ചു. ഈ സംസ്ഥാനങ്ങൾ കേന്ദ്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
ഹിമാചൽ പ്രദേശിൽ ജൂൺ 20 മുതൽ സെപ്റ്റംബർ 6 വരെ 366 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മാണ്ഡിയിലാണ്. റോഡ് അപകടങ്ങളിൽ മരിച്ചവരുടെ കണക്കുകൾ കൂടി ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തുടനീളം 4,079 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ഏകദേശം 3,390 വീടുകൾ പൂർണമായി തകർന്നു.
സംസ്ഥാനത്ത് 135 മണ്ണിടിച്ചിലും 95 മിന്നൽ പ്രളയങ്ങളും ഉണ്ടായി. കുളുവിൽ മണ്ണിടിച്ചിലിനെ തുടർന്ന് നാലുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു.
പഞ്ചാബിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി ഉയർന്നു. പല ഉൾപ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻതന്നെ ഗുരുദാസ്പൂരിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കും. ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ തുടരുകയാണ്.