Headlines

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാകുന്നു. മണ്ണിടിച്ചിലും, വെള്ളപ്പൊക്കവും കാരണം ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴ കനത്ത നാശനഷ്ടങ്ങൾ വരുത്തിയത്.

ജമ്മു കശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ 34 പേർ മരിച്ചു. അനന്ത്നാഗിലെ കോടതി സമുച്ചയത്തിലും, താഴ്ന്ന മേഖലകളിലും വെള്ളം കയറി. ബിയാസ് നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ചണ്ഡീഗഡ്-മണാലി ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി.

അസാധാരണ സാഹചര്യങ്ങളിൽ ഒഴികെ ജീവനക്കാർക്ക് അവധി നൽകരുതെന്നാണ് ജമ്മു കശ്മീർ സർക്കാർ നിർദ്ദേശം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

അനന്ത്നാഗിൽ നിന്നും സ്ത്രീകളും, കുട്ടികളും അടക്കം നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ഭക്ഷണവും, വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും, സൈന്യവും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഹിമാചൽ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. നിരവധി റോഡുകൾ തകർന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. മണ്ണിടിച്ചിൽ ഗതാഗതം തടസ്സപ്പെടുത്തി. അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.