രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി നിലപാട് എടുക്കുന്നതിനു മുന്‍പ് വനിതാ നേതാക്കള്‍ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത് തെറ്റെന്ന് എംഎം ഹസന്‍ പറഞ്ഞു. എല്ലാവര്‍ക്കും നിലപാട് പറയാനുള്ള സ്വാതന്ത്ര്യമുണ്ട് പാര്‍ട്ടി തീരുമാനം ആണ് അന്തിമം – എംഎം ഹസന്‍ പറഞ്ഞു.
ഞങ്ങള്‍ പാര്‍ട്ടി ആലോചിച്ച് ഏകകണ്ഠമായി, ജനാധിപത്യപരമായി സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. വനിതാ നേതാക്കള്‍ക്ക് ഒക്കെ സ്വതന്ത്രമായ അഭിപ്രായം പറയാം. പക്ഷേ, പാര്‍ട്ടിയാണ് അന്തിമമായി തീരുമാന മെടുക്കുന്നത്. പാര്‍ട്ടി തീരുമാനം വരുന്നതിനു മുന്‍പ് അങ്ങനെയുള്ള ആളുകള്‍ പ്രതികരിക്കുന്നത് തെറ്റാണ് – അദ്ദേഹം പറഞ്ഞു.
സഭയില്‍ കോണ്‍ഗ്രസിന്റെ സംരക്ഷണം രാഹുലിന് ഉണ്ടാകുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ആളിനെ ഞങ്ങള്‍ സംരക്ഷണം കൊടുക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്.
ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഒരു കാര്യം ഡിവൈഎഫ്‌ഐക്കാര്‍ മറക്കരുത്. സ്ത്രീ പീഡകരായ നിങ്ങളുടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും റോഡില്‍ ഇറങ്ങി നടക്കാം എന്ന് വ്യാമോഹിക്കേണ്ട. ഇവിടെ കോണ്‍ഗ്രസിന്റെ യുവജന സംഘടനകള്‍ ഉണ്ട്, യൂത്ത് കോണ്‍ഗ്രസ് ഉണ്ട്. ചെയ്യാത്ത കാര്യത്തിനാണ് ഷാഫി പറമ്പില്‍ വഴിയില്‍ തടഞ്ഞ് ആക്രമിച്ചത് – അദ്ദേഹം പറഞ്ഞു.
ഇടത് നേതാക്കള്‍ക്ക് എതിരെ ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രി മിണ്ടിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജി ആവശ്യം രാഷ്ട്രീയപ്രേരിതമാണ്. ആരോപണം വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ രാഹുലിനെതിരെ പാര്‍ട്ടി നടപടി എടുത്തു. സ്വന്തം മുന്നണിയില്‍ ഉള്ളവര്‍ക്ക് എതിരെ ആരോപണം വന്നപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അതിനെ പറ്റി അന്വേഷിച്ചോ? മാതൃകപരായമായ നടപടി എടുത്ത കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നുണ്ട്. സ്ത്രീ പീഡകരെയും കളങ്കിതരായ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. മുകേഷ് എംഎല്‍എയ്‌ക്കെതിരെ എന്ത് നടപടി എടുത്തു? ഇതുവരെ രാഹുലിന് എതിരെ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതിക്കാരുണ്ടോ എന്ന് മുഖ്യമന്ത്രിയുടെ പൊലീസിന് അന്വേഷിച്ചിറങ്ങേണ്ട ഗതികേടാണ്. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടി സ്ത്രീപക്ഷ നിലപാടിനെ കുറിച്ച് സംസാരിക്കരുത്. പരാതികള്‍ ഇല്ലാത്ത ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. കേരളത്തിലെ ആഭ്യന്തരവകുപ്പിന് എന്തൊരു ഗതികേടാണ് – അദ്ദേഹം പറഞ്ഞു.