കൊവിഡ് രോഗനിര്‍ണയത്തിനായി സാംപിള്‍ ശേഖരിക്കുന്നതിന് പുതിയ മാര്‍ഗവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സ് (ഐസിഎംആര്‍). കൊവിഡ് പരിശോധന നടത്തുന്നതിന് മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും ശേഖരിക്കുന്ന സ്രവത്തിന് പകരം ‘കവിള്‍കൊണ്ട വെള്ളം’ ഉപയോഗിക്കാമെന്നാണ് ഐസിഎംആര്‍ ജോണലില്‍ പ്രസിദ്ധീകരിച്ച പഠനറിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. SARS-CoV-2 വൈറസുകളെ കണ്ടെത്താന്‍ ‘കവിള്‍കൊണ്ട വെള്ളം’ മതിയാവുമെന്നാണ് പഠനം ചുണ്ടിക്കാട്ടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. മൂക്കില്‍നിന്നും സാംപിളുകള്‍ ശേഖരിക്കുന്നതിലൂടെ ആളുകള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പുതിയ മാര്‍ഗങ്ങള്‍ ഐസിഎംആര്‍ പരീക്ഷിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50 കൊവിഡ് രോഗികളിലാണ് മെയ് മുതല്‍ ജൂണ്‍ വരെ ഐസിഎംആറിലെ വിദഗ്ധഗവേഷകര്‍ താരതമ്യപഠനം നടത്തിയത്. രോഗനിര്‍ണയം നടത്തി 72 മണിക്കൂറിനുളളില്‍ ഇവരില്‍നിന്ന് രണ്ടുതരത്തിലുളള സാംപിളുകളും ശേഖരിച്ചിരുന്നു. സാംപിളുകള്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കാണ് വിധേയമാക്കിയത്.
മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും ശേഖരിച്ച സ്രവപരിശോധനയ്ക്ക് സമാനമായി ഗാര്‍ഗിള്‍ സാംപിളും പോസ്റ്റീവായിരുന്നു. നേരത്തെയുളള സ്രവശേഖര രീതിയില്‍ 72 ശതമാനം രോഗികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ പുതിയ രീതി 24 ശതമാനം പേരെ മാത്രമാണ് അസ്വസ്ഥരാക്കിയത്. ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന വിജയകരമാണ്. ഗുരുതരമായ രോഗങ്ങളുള്ളവര്‍, ചെറിയ കുട്ടികള്‍ എന്നിവരില്‍ ഈ രീതി ഫലപ്രദമാവില്ലെന്ന് പഠനം വ്യക്തമാക്കുന്നു. പ്രത്യേക പരിശീലനം, സ്രവം ശേഖരിക്കുന്നവര്‍ക്ക് രോഗം പകരാനുളള സാധ്യത തുടങ്ങി സാംപിളുകള്‍ ശേഖരിക്കുന്നതിന് ഒരുപാട് പോരായ്മകളുണ്ടായിരുന്നു. കൂടാതെ മൂക്കില്‍നിന്നു സാംപിളുകള്‍ ശേഖരിക്കുന്നത് രോഗികളില്‍ ചുമ, തുമ്മല്‍ എന്നിവയിലേക്കു നയിക്കാറുമുണ്ട്. എന്നാല്‍, ഇതിനുപകരം ‘കവിള്‍കൊണ്ട വെളളം’ സാംപിളായി ശേഖരിക്കുന്നതിലൂടെ ഇത്തരം ന്യൂനതകളെല്ലാം മറികടക്കാന്‍ സാധിക്കും. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതുള്‍പ്പടെ പരിശോധനയുടെ ചെലവ് കുറയ്ക്കാനും സാധിക്കും. ഗാര്‍ഗിള്‍ മാതൃക പുതുതല്ലെങ്കിലും കൊവിഡ് വൈറസ് നിര്‍ണയത്തിന്റെ കാര്യത്തില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.