ലോകപ്രശസ്ത മാർക്സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ്(86) അന്തരിച്ചു. കാലിഫോർണിയയിൽ വെച്ചാണ് അന്ത്യം. അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ നിരവധി സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2017 മുതൽ ഇർവിനിലെ കാലിഫോർണിയ സർവകലാശാലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യൻ വെബ്സൈറ്റ് ന്യൂസ് ക്ലിക്കിന്റെ സീനിയർ ന്യൂസ് അനലിസ്റ്റായും ഫ്രണ്ട് ലൈൻ മാഗസിന്റെ എഡിറ്റോറിയൽ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.
യുപിയിലാണ് ഐജാസ് അഹമ്മദിന്റെ ജനനം. ഇന്ത്യ-പാക് വിഭജനത്തെ തുടർന്ന് മാതാപിതാക്കൾക്കൊപ്പം പാക്കിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. ഇൻ തിയറി, ക്ലാസസ്, നേഷൻസ്, മുസ്ലീം ഇൻ ഇന്ത്യ: ബിഹാർ, ദി വാലി ഓഫ് കാശ്മീർ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഐജാസിന്റെ മരണത്തിൽ സിപിഎം അനുശോചനം അറിയിച്ചു.