സൈനിക പിൻമാറ്റം ആവശ്യപ്പെട്ട പ്രമേയം റഷ്യ വീറ്റോ ചെയ്തു; വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ

 

യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ട് യു എൻ രക്ഷാസമിതിയിൽ പ്രമേയം. അതേസമയം പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പൊതുസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു

ചേരിചേരാ നയമാണ് ഇന്ത്യ സ്വീകരിച്ചത്. യുക്രൈൻ-റഷ്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം ചൈന റഷ്യക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ചൈന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. റഷ്യയെ പിണക്കേണ്ടെന്ന് കരുതി യുഎഇയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

സമാധാന നീക്കങ്ങൾക്ക് ഇടം കൊടുക്കാനാണ് പ്രമേയത്തിൽ നിന്ന് വിട്ടുനിന്നത് എന്നാണ് ഇന്ത്യ വിശദീകരിച്ചത്. ചർച്ചയുടെ വഴിയിലേക്ക് ഇരുപക്ഷവും എത്തുമെന്ന പ്രതീക്ഷയും ഇന്ത്യ പ്രകടിപ്പിച്ചു.