ചെന്നൈ: യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ്നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും എം.കെ സ്റ്റാലിന് നിർദ്ദേശിച്ചു.
യുക്രൈനിലുള്ള തമിഴ് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് സ്റ്റാലിൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മോചനകാര്യങ്ങൾ തമിഴ്നാട് സർക്കാരുമായി കൂടിയാലോചിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
മെഡിസിനും എൻജിനീയറിംഗും പഠിക്കാനാണ് തമിഴ്നാട് സ്വദേശികളിലേറെയും യുക്രൈനിലേക്ക് പോയത്. ഇവരിൽ ഭൂരിഭാഗം പേരും കീവിലാണ് ഉള്ളതെന്നാണ് വിവരം.