തമിഴ്നാട് രാജ്ഭവനിലെ 84 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട് രാജ്ഭവനിൽ ജോലിക്കു നിയോഗിച്ചിരുന്ന 84 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സെക്യൂരിറ്റി, ഫയർ സർവീസസ് ജീവനക്കാരാണിവർ. ഗവർണർ ബൻവാരിലാൽ പുരോഹിതുമായോ സീനിയർ ഉദ്യോഗസ്ഥരുമായോ ഇവർക്കു സമ്പർക്കമില്ലെന്ന് സർക്കാർ. രാജ്ഭവനിലെ 147 പേർക്കാണു പരിശോധന നടത്തിയത്. ഇതിൽ 84 പേർക്ക് വൈറസ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.

പോസിറ്റീവ് ആയവരെല്ലാം കെട്ടിടത്തിന്റെ പുറം ഭാഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഇവരാരും ഗവര്‍ണറുമായോ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, കോര്‍പ്പറേഷന്‍ ആരോഗ്യ അധികൃതര്‍ രാജ്ഭവന്റെ പ്രദേശം മുഴുവന്‍ അണുവിമുക്തമാക്കി ശുദ്ധീകരിച്ചെന്നും പ്രസ്താവനയിലുടെ അറിയിച്ചു.

അതേസമയം തമിഴ്‌നാട്ടില്‍ നിലവിലെ സ്ഥിതി ഗുരുതരമായി വരുകയാണ്. 51,765 ആക്റ്റീവ് കേസുകളും 1,31,583 രോഗമുക്തരായവരും ഉള്‍പ്പെടെ ഉള്‍പ്പെടെ 1,86,492 കോവിഡ് -19 കേസുകള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്