രണ്ടാം ദിനവും ആക്രമണം ശക്തമാക്കി റഷ്യ; കീവിൽ വൻ സ്‌ഫോടനങ്ങൾ

 

യുക്രൈനിലുള്ള റഷ്യൻ അധിനിവേശം രണ്ടാം ദിനവും ശക്തമായി തുടരുന്നു. തലസ്ഥാനമായ കീവിൽ വെള്ളിയാഴ്ച നിരവധി സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പുലർച്ചെ സെൻട്രൽ കീവിൽ രണ്ട് വലിയ സ്‌ഫോടനങ്ങളും അൽപ്പം അകലെയായി മൂന്നാമത്തെ സ്‌ഫോടനവും നടന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു

ക്രൂയിസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലാക്രമണമാണ് നടന്നതെന്ന് യുക്രൈൻ മുൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഹെരാഷ്‌ചെങ്കോ പറഞ്ഞു. യുക്രൈൻ യുദ്ധത്തിന്റെ ആദ്യ ദിനം വിജയകരമാണെന്ന് റഷ്യ നേരത്തെ പ്രതികരിച്ചിരുന്നു. ചെർണോബിൽ ആണവനിലയം അടക്കം റഷ്യൻ സേന നിയന്ത്രണത്തിലാക്കിയിട്ടുണ്ട്

തെക്കൻ യുക്രൈനിലെ ഖെർസോൻ അടക്കം ആറ് മേഖലകൾ റഷ്യ പിടിച്ചെടുത്തു. 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങൾ തകർത്തു. റഷ്യൻ സൈന്യം കീവിൽ പ്രവേശിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു. റഷ്യൻ സൈന്യത്തിന്റെ ലക്ഷ്യം താനാണെന്നും സെലൻസ്‌കി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.