സർക്കാരിന്റെ നേട്ടങ്ങളും വികസനപ്രവർത്തനങ്ങളും അക്കമിട്ട് പറഞ്ഞ് ഗവർണർ

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തി. കൊവിഡ് അതിജീവനത്തെ പരാമർശിച്ചാണ് നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. അതേസമയം ഗവർണർക്കെതിരെ പ്രതിപക്ഷം ഗോ ബാക്ക് മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷത്തെ വിമർശിച്ച ഗവർണർ പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് പറഞ്ഞു

സർക്കാരിന്റെ ഭരണനേട്ടങ്ങളും വികസന സൂചികകളും എടുത്തു പറഞ്ഞാണ് നയപ്രഖ്യാപനം. കേന്ദ്രത്തിനെതിരെ വിമർശനങ്ങളും പ്രസംഗത്തിലുൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിസംഗരായാണ് ഭരണപക്ഷവും പ്രസംഗം കേൾക്കുന്നത്. സാധാരണ ഡസ്‌കിലടിച്ചും കയ്യടിച്ചും നയപ്രഖ്യാപനം കേൾക്കുന്ന ഭരണപക്ഷം ഇത്തവണ ഏറെ വ്യത്യസ്തമായാണ് സഭയിൽ ഇരിക്കുന്നത്.

സർക്കാരിന്റെ നൂറുദിന കർമ പദ്ധതി വിജയകരമായി നടപ്പാക്കിയെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ജലനിരപ്പ് 136 അടിയാക്കി നിലനിർത്തണമെന്നും പുതിയ ഡാം വേണമെന്നും നയപ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള കെടുതികൾ നേരിടാൻ സർക്കാർ നടപടിയെടുത്തു.

സുസ്ഥിര വികസന സൂചികകളിൽ കേരളം ഏറെ മുന്നിലാണ്. രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. എല്ലാവർക്കും വീടും ഭൂമിയും എന്ന സർക്കാർ വാഗ്ദാനം പാലിക്കുമെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു.