കഞ്ചിക്കോട് വ്യവസായ സമ്മിറ്റിന് ക്ഷണിക്കാത്തതിൽ വി കെ ശ്രീകണ്ഠൻ എംപിക്കും അതൃപ്തി. സ്ഥലം എംപി ആയിട്ടും ശ്രീകണ്ഠനെ ക്ഷണിച്ചിരുന്നില്ല. മന്ത്രി കെ കൃഷ്ണൻകുട്ടിയെയും പരിപാടിക്ക് ക്ഷണിക്കാത്തതിൽ വിമർശനമുണ്ട്. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണൻകുട്ടി. വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മന്ത്രിയെ ക്ഷണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്ഥലം എംപിയായ വികെ ശ്രീകണ്ഠൻ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.
വ്യവസായ വകുപ്പുമായി സഹകരിച്ചാണ് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പാലക്കാട് പുതുശേരിയിൽ സമ്മിറ്റ് നടത്തുന്നത്. മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് കിഫ് ഇൻഡ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തത്. അതേസമയം സമ്മിറ്റിന് ആള് കുറഞ്ഞതിന് മുഖ്യമന്ത്രി സംഘാടകരെ വിമർശിച്ചു. ഇങ്ങനെ ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംഘാടകരെ വിമർശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.
കഞ്ചിക്കോട് മേഖലയിലെ വ്യവസായ സ്ഥാപനങ്ങളെയും, സംരംഭകരെയും, വ്യവസായ പ്രമുഖരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. വ്യവസായ പ്രമുഖരും, സംരംഭകരും, നയരൂപീകരണ വിദഗ്ധരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ, വ്യവസായ വികസനത്തിനായുള്ള ചർച്ചകൾ നടക്കും.