ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്ന് ബിജെഡി. എൻഡിഎയുമായും ഇന്ത്യ സഖ്യവുമായും സമദൂരം പാലിക്കുമെന്നും തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്നും ബിജെഡി അറിയിച്ചു. ഒഡീഷയുടെയും ഒഡീഷയിലെ 4.5 കോടി ജനങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ബിജെഡി എംപി സസ്മിത് പത്ര വ്യക്തമാക്കി.
എൻഡിഎ സ്ഥാനാർഥിയായ സി.പി രാധാകൃഷ്ണനും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥി ജസ്റ്റിസ് ബി സുദർശൻ റെഡ്ഢിയും തമ്മിലാണ് മത്സരം. തിരഞ്ഞെപ്പിന് മുന്നോടിയായി പ്രതിപക്ഷ അംഗങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ന് വിരുന്ന് നൽകും. രാവിലെ 10 മണിമുതൽ വൈകീട്ട് 5 മണിവരെയാണ് വോട്ടെടുപ്പ്. വൈകീട്ട് 6 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് – ഹിമാചൽ പ്രദേശ് അംഗങ്ങളോടൊപ്പം രാവിലെ 10 മണിക്ക് വോട്ട് രേഖപ്പെടുത്തും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ അംഗങ്ങൾക്ക് കഴിഞ്ഞ ദിവസവും, പ്രതിപക്ഷ അംഗങ്ങൾക്ക് ഇന്നും പാർലമെന്റ് സെൻട്രൽ ഹാളിൽ മോക് പോളിംഗ് നടത്തി. തിരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി ഒറ്റകെട്ടായി നിൽക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി. രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങങ്ങളും, ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 543 അംഗങ്ങളും ഉൾപ്പെട്ട ഇലക്ട്രോറൽ കോളേജിൽ എൻ ഡി എ ക്കാണ് മുൻതൂക്കം. എന്നാൽ ഇത് പ്രത്യയ ശാസ്ത്ര പോരാട്ടം എന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്.