ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനത്തിനായി വിളിച്ചു ചേർത്ത നിർണായക യോഗം പൂർത്തിയായി. സ്ഥാനാർഥിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളാണ് ഇന്ന് ചേർന്ന യോഗത്തിൽ നടന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലിക്കാർജ്ജുന ഖാർഗെയുടെ വസതിയിലാണ് യോഗം ചേർന്നത്. യോഗത്തിൽ നാല് പേരുകൾ മുന്നിൽ വന്നു. സ്ഥാനാർഥി തമിഴ്നാട്ടിൽ നിന്നാകാനാണ് സാധ്യത.
ISRO ശാസ്ത്രജ്ഞനായിരുന്ന എം അണ്ണാദുരെയുടെ പേരടക്കം ചർച്ചയിൽ വന്നു. അതിൽ അണ്ണാദുരൈയുടെ പേര് ഭൂരിഭാഗം പേരും പിന്തുണച്ചതയാണ് വിവരം. കൂടിയാലോചനകൾക്ക് ശേഷം നാളെ ഉച്ചയോടെ ഇന്ത്യ മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. യോഗത്തിൽ പങ്കെടുക്കാത്ത പാർട്ടികളുടെ നേതാക്കളുമായി ഖാർഗെ ഫോണിൽ സംസാരിച്ച് അവരുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേക്ക് ഇന്ത്യ മുന്നണി എത്തുക.
എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇനി ഉറ്റു നോക്കുന്നത് ഇന്ത്യ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി ആര് എന്നാണ്. നാളെ രാവിലെയോടെ അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കി, സ്ഥാനാർഥിനിർണയത്തിലേക്ക് ഇന്ത്യ മുന്നണി കടക്കും.
അതേസമയം, എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായ സി പി രാധാകൃഷ്ണൻ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.ആർഎസ്എസ് താല്പര്യം കൂടി മുൻനിർത്തിയായിരുന്നു എൻഡിഎയുടെ സ്ഥാനാർഥി പ്രഖ്യാപനം. ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയായതിനാൽ സാമൂഹിക രാഷ്ട്രീയ സാമുദായിക സമവാക്യം കൂടി ഉറപ്പുവരുത്തിയാണ് ബിജെപിയുടെ നീക്കം ഉണ്ടായത്.





