സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന കസ്റ്റഡി മർദനങ്ങളിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും കരുതരുത്. നരാധമന്മാരായ ക്രിമിനലുകളെ സര്‍വീസില്‍ നിന്നും പുറത്താക്കിയെ മതിയാകുവെന്നും നടപടി ഉണ്ടാകുന്നതുവരെ കോണ്‍ഗ്രസും യു.ഡി.എഫും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കുന്നംകുളത്തും പീച്ചിയിലും പൊലീസ് ചെയ്ത ക്രൂരതയുടെ ദൃശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കണ്ടിട്ടുണ്ട്. എന്നിട്ടും പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം.
ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നത് തുടർച്ചയായി തെളിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിയന്ത്രണത്തിലാണ് കേരളത്തിലെ പൊലീസ് സംവിധാനം പ്രവർത്തിക്കുന്നതെന്നും, അതിനെതിരെ ചെറുവിരൽ പോലും അനക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.സ്വന്തം വകുപ്പിൽ ഇത്രമേൽ ആരോപണങ്ങൾ കേട്ടിട്ടും ഒരക്ഷരം ഉരിയാടുകയോ കാര്യമായ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത ഒരു മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.