കുന്നംകുളത്തെ മൂന്നാമുറ; ‘പൊലീസുകാരെ പുറത്താക്കണം; തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനം’; വിഡി സതീശൻ

തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസുകാർക്ക് എതിരെ ശക്തമായ നടപടി വേണം. കുറ്റക്കാരായ പൊലീസ് ഉദ്യോ​ഗസ്ഥരെ പുറത്താക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമാനതകൾ ഇല്ലാത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനമാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ‌ നടന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ഡിഐജിയുടെ മറുപടിയിൽ തൃപ്തിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമായി ഡിഐജി പെരുമാറരുതെന്ന് അദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിലും വിഡി സതീശൻ പ്രതികരിച്ചു. രാഹുൽ മങ്കൂട്ടത്തിലിന് എതിരെ ഇതുവരെ സ്വീകരിച്ച നടപടികൾ എല്ലാം ശരിയാണെന്ന് അദേ​ഹം പറഞ്ഞു.

നടപടി കൂട്ടായ തീരുമാനമാണ്. ഇതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. സിപിഐഎം പറഞ്ഞപോലെ ന്യായീകരണത്തിന് കോൺഗ്രസ്‌ തെയ്യാറായില്ലെന്നും വിഡി സതീശൻ പറഞ്ഞു. രാഹുൽ നിയമസമ്മേളനത്തിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എടുക്കുമെന്നായിരുന്നു മറുപടി.