Headlines

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം; CPIMൽ പീഡനക്കേസ് പ്രതി MLAയായി തുടരുന്നു’; വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ നടപടി മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരം വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും കർശന നടപടി എടുത്തിട്ടില്ല. ഒരു പരാതിയോ തെളിവോ ഇല്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. വിഷയം പാർട്ടി ഗൗരവകരമായി പരിശോധിച്ചു. മുഴുവൻ നേതാക്കളുമായി ആശയവിനിമയം നടത്തി. തുടർന്നാണ് നടപടി എടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇത്തരം തീരുമാനം കേരളത്തിൽ എടുത്തിട്ടുണ്ടോയെന്ന് വിഡി സതീശൻ ചോദിച്ചു.

ഒരു റേപ്പ് കേസിലെ പ്രതി സിപിഐഎമ്മിൽ പ്രതിയായിട്ട് ഇരിക്കുകയാണ്. ബിജെപിയിൽ പോക്‌സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. സ്ത്രീകളോടുള്ള തങ്ങളുടെ പ്രസ്ഥാനത്തിന്റെ ആദരവും ബഹുമാനവും കൊണ്ട് രാഹുലിനെതിരെ നടപടിയെടുത്തുവെന്ന് വിഡി സതീശൻ പറഞ്ഞു.

വേറൊരു പാർട്ടിയെയും പോലെയല്ല കോൺഗ്രസെന്ന് തെളിയിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്ക് ഏറ്റവും അടുപ്പമുള്ളയാൾക്കെതിരെയാണ് നടപടിയെടുത്തത്. രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല. ഒരു പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം സംരക്ഷിക്കാനാണ് കോൺഗ്രസ് നടപടി സ്വീകരിച്ചതെന്ന് വിഡി സതീശൻ വ്യക്തമാക്കി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടു പോലും എംഎൽഎയായിട്ട് ഇരിക്കുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതലുണ്ട് ഇത്തരക്കാരെന്ന് വിഡി സതീശൻ പറഞ്ഞു. കോൺഗ്രസ് നല്ല നിലപാടുള്ള പാർട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.