ആഗോള അയ്യപ്പ സംഗമത്തിന് യുഡിഎഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ അയ്യപ്പ ഭക്തരെ പരിഹസിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയിലെത്തിച്ച മുന്നണിയും രാഷ്ട്രീയപ്രസ്ഥാനവുമാണ് സിപിഐഎമ്മും എല്‍ഡിഎഫും എന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.
. ഈ സർക്കാർ വന്നതിന് ശേഷമാണ് തീർഥാടനം പ്രതിസന്ധിയിലായത്. ആചാര ലംഘനം നടത്തിയത് ശരിയാണെന്ന് പറഞ്ഞവരാണ് സിപിഐഎമ്മെന്നും ഇപോൾ നിലപാട് മാറിയോ എന്നും വിഡി സതീശൻ ചോദിച്ചു. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിട്ട് തങ്ങളെ ക്ഷണിച്ചാൽ മതിയെന്ന് അദേഹം വ്യക്തമാക്കി. നാമജപ ഘോഷയാത്രയ്ക്കെതിരായ കേസ് പിന്നിരിക്കുമെന്ന് പറഞ്ഞിട്ട് നാല് അഞ്ച് കൊല്ലമായി. എന്നിട്ടും ഇതുവരെ ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു.
വർഗീയവാദികൾക്ക് സ്പേസ് ഉണ്ടാക്കി കൊടുക്കലാണ് ആഗോള അയ്യപ്പ സംഗമമെന്ന് വിഡി സതീശൻ വിമർശിച്ചു. ഇതൊക്കെ സൂക്ഷ്മതയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. മനുഷ്യന്റെ സാമാന്യ യുക്തിയേയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്. അയ്യപ്പൻ എന്ന വിശ്വാസത്തെ മുൻനിർത്തി നടത്തുന്ന രാഷ്ട്രീയ കാപട്യത്തെയാണ് യുഡിഎഫ് ചോദ്യം ചെയ്യുന്നത്. സർക്കാരിന്റെ കാപട്യം തുറന്നുകാണിക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിന് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
തൻ്റെ അനുവാദമില്ലാതെയൊണ് അയ്യപ്പ സംഗമ സംഘാടക സമിതിയിൽ പേര് വെച്ചതെന്ന് വിഡി സതീശൻ പറഞ്ഞു. ഇന്നലെ സംഘാടകർ ക്ഷണിക്കാൻ എത്തിയത് അറിയിക്കാതെയാണെന്നും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു. വന്ന് കത്ത് നൽകി മടങ്ങി. എന്നിട്ട് പുറത്തിറങ്ങി കാണാൻ കൂട്ടാക്കിയില്ല എന്ന് പറയുന്നു. ശുദ്ധ മര്യാദകേടാണതെന്ന് വിഡി സതീശൻ പറഞ്ഞു.
ബഹിഷ്കരിക്കുമോ പങ്കെടുക്കുമോ എന്ന ചോദ്യം അപ്രസക്തമാണെന്ന് വിഡി സതീശൻ വ്യക്തമാക്കി. ബഹിഷ്കരിക്കുമോ പങ്കെടുക്കുമോ എന്ന് പറയാൻ ഇത് രാഷ്ട്രീയ സമ്മേളനം ഒന്നുമല്ലല്ലോ എന്നായിരുന്നു വിഡി സതീശന്റെ മറുപടി.