അഹമ്മദാബാദ്: ഗുജറാത്തിൽ പാക്കിസ്ഥാനില്‍നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ അതിർത്തി രക്ഷാസേന(ബിഎസ്എഫ്) പിടികൂടി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവർക്കൊപ്പമെത്തിയവരെ കണ്ടെത്താൻ കമാൻഡോകൾ മൂന്ന് സംഘമായി തിരിഞ്ഞ് തെരച്ചിൽ തുടരുകയാണ്.
ഭുജിന് സമീപം പാക്കിസ്ഥാന് അതിര്‍ത്തിയിലെ ഹരാമിനല്ലയില്‍ പട്രോളിംഗിന് ഇടയിലാണ് 11 ബോട്ടുകള്‍ കണ്ടെത്തിയത്. തീരത്ത് അടുപ്പിച്ച നിലയിലായിരുന്നു ബോട്ടുകൾ. ഈ ബോട്ടുകളിൽ എത്തിയവർ ആരെന്നതിൽ യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല.
യഥാർഥ്യ മത്സ്യത്തൊഴിലാളികൾ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ച് എത്തിയതാണോ അതോ മത്സ്യത്തൊഴിലാളികൾ എന്ന ഭാവേന ഭീകരർ കടന്നു കയറിയതാണോ എന്നതാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്.
ബോട്ടിലെത്തിയവരെ കണ്ടെത്താന്‍ വ്യോമസേന ഹെലികോപ്റ്ററില്‍ കമാന്‍ഡോകളെ ഇറക്കിയിട്ടുണ്ട്. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കമാന്‍ഡോകള്‍ തെരച്ചില്‍ നടത്തുന്നത്. മേഖലയിൽ കർശന പരിശോധനയാണ് പുരോഗമിക്കുന്നത്.