ഖത്തറില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാനൊരുങ്ങുന്നു; 90,000 ഹമൂര്‍ മത്സ്യ കുഞ്ഞുങ്ങളെ കടലില്‍ നിക്ഷേപിച്ചു

 

ദോഹ: രാജ്യത്ത് മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 90000 ഹമൂര്‍ മത്സ്യ കുഞ്ഞുങ്ങളെ കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ സമുദ്ര പ്രദേശങ്ങളില്‍ നിക്ഷേപിച്ചു. പരിസ്ഥിതി മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്.

ഓരോ കുഞ്ഞ് ഹമൂര്‍ മത്സ്യവും രണ്ട് ഗ്രാം മാത്രമാണ് തൂക്കമുള്ളത്. റാസ് മക്തബിലെ പ്രത്യേക ലാബില്‍ വിരിയിച്ച മത്സ്യ കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം തിരെഞ്ഞെടുത്ത സമുദ്ര പ്രദേശങ്ങളില്‍ നിക്ഷേപിക്കപ്പെട്ടത്. രാജ്യത്തിന്റെ പ്രാദേശിക മത്സ്യ സമ്പത്ത് വികസിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ വെച്ച് കൊണ്ടാണ് പരിസ്ഥിതി മന്ത്രാലയം ഈ പ്രവര്‍ത്തനം നടത്തിയത്.

ഇതുമായി ബന്ധപെട്ടു കൊണ്ട് ഒരു ചിത്രവും കഴിഞ്ഞ ദിവസം അധികൃതര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ മത്സ്യ സമ്പത്ത് കുറഞ്ഞ രീതിയില്‍ കാണെപ്പട്ടതാണ് പരിസ്ഥിതി മന്ത്രാലയം ഇത്തരമൊരു നീക്കം നടത്താന്‍ കാരണമായി വ്യാഖ്യാനിക്കപ്പെടുന്നത്.