ഒമിക്രോൺ ഭീതി മാറുന്നതിന് മുമ്പ് ഡെൽമിക്രോണിലേക്കോ?

 

കൊറോണ വൈറസിന്റെ ജനിതക മാറ്റം വന്ന വകഭേദങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. പകർച്ചവ്യാധി രഹിത ലോകമാവണം എന്ന് ആഗ്രഹിക്കുമ്പോൾ വീണ്ടും വീണ്ടും വൈറസിന്റെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവസാനമായി കണ്ടെത്തിയ ഒമിക്രോൺ എന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെക്കുറിച്ചാണ് ലോകമാകെ ചർച്ച. എന്നാൽ അമേരിക്കയിലും യൂറോപ്പിലും കേസുകളുടെ എണ്ണം വർദ്ധിപ്പിച്ച് കൊണ്ട് ഡെൽമിക്രോൺ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകളുടെ സംയോജനമാണ് ഡെൽമിക്രോൺ എന്നാണ് പഠനങ്ങൾ പറയുന്നത്. വളരെ പെട്ടെന്നാണ് ഇത് പകരുന്നത്.

യൂറോപ്യൻ രാജ്യങ്ങളിൽ ഒമിക്രോൺ സുനാമി പോലെ ആഞ്ഞടിച്ച് കൊണ്ടിരിക്കുകയാണ്. ഡെൽറ്റ വേരിയന്റിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഒമിക്രോൺ. ഇതിന് അതിവ്യാപന ശേഷിയുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. കോവിഡിന്റെ ഡബിൾ വേരിയന്റാണ് ഡെൽമിക്രോൺ. ഡെൽറ്റ വേരിയന്റും ഒമിക്രോൺ വേരിയന്റും ഒരുമിച്ച് ചേരുന്നത് കൊണ്ടാണ് ഇത്തരത്തിൽ ഡെൽമിക്രോൺ എന്ന പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്.

ഒമിക്രോണിൽ നിന്ന് ഡെൽമിക്രോണിനുള്ള വ്യത്യാസങ്ങൾ

ഒമിക്രോണിൽ നിന്ന് ഡെൽമിക്രോൺ എത്ര വ്യത്യസ്തമാണ് എന്നത് ആദ്യം അറിഞ്ഞിരിക്കണം. SARS-CoV-2 ന്റെ ഉയർന്ന രൂപമാറ്റം സംഭവിച്ച B.1.1.529 രൂപമാണ് ഒമിക്രോൺ എന്ന് പറയുന്നത്. ഇത് ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. ഇതിന് അതിവ്യാപനശേഷിയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ വകഭേദം വേഗത്തിൽ പടരുന്നുണ്ട്. എന്നാൽ നിലവിൽ ഡെൽറ്റയേക്കാൾ നേരിയ ലക്ഷണങ്ങൾ ആണ് ഒമിക്രോൺ കാണിക്കുന്നത്. മരണനിരക്ക് ഡെൽറ്റ വേരിയന്റിനേക്കാൾ കുറവാണ് എന്നതും ആശ്വാസം പകരുന്നതാണ്. അതേസമയം, ഡെൽറ്റയും ഒമിക്രോണും സംയോജിപ്പിച്ചതിന്റെ ഫലമാണ് ഡെൽമിക്രോൺ എന്ന പുതിയ വേരിയന്റ്. ഇത് അടിസ്ഥാനപരമായി വേരിയന്റുകളുടെ ഇരട്ട സ്പൈക്ക് ആണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കൂടുതൽ കോവിഡ് വാക്സിൻ ഡോസുകൾ പുറത്തിറക്കാനുള്ള തിരക്കിലാണ് ഓരോ രാജ്യങ്ങളും. പകർച്ചവ്യാധികൾ നീണ്ടുനിൽക്കുന്ന അവസ്ഥയിൽ പുതിയ വാക്സിനും ബൂസ്റ്റർ ഡോസും നൽകുന്നതിന് വേണ്ടിയുള്ള തീരുമാനത്തിലാണ് ഓരോ സർക്കാരും. ഒമിക്രോണിനെതിരോ ലോകാരോഗ്യസംഘടന ഓരോ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനകം വാക്സിനേഷൻ എടുത്തവർക്ക് ബൂസ്റ്റർഡോസ് നൽകുന്നതിനേക്കാൾ എല്ലായിടത്തും ദുർബലരായവരും ഇത് വരെ വാക്സിനെടുക്കാത്ത ആളുകൾക്ക് വാക്സിനുകൾ ലഭിക്കുന്നതിന് മുൻഗണന നൽകണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കിയിട്ടുണ്ട്.

16 സംസ്ഥാനങ്ങളിലായി ഇത് വരെ കൊറോണ വൈറസിന്റെ ഒമിക്‌റോണിന്റെ വകഭേദം കണ്ടെത്തിയിട്ടുള്ളത്. 236 കേസുകൾ ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽ 104 പേർ സുഖം പ്രാപിച്ചിട്ടുണ്ട് എ്ന്നാണ് ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ഒമിക്രോൺ വേരിയന്റിന്റെ 65 കേസുകൾ ഇത് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടുപിന്നാലെ ഡൽഹിയിൽ 64, തെലങ്കാന 24, കർണാടക 19, രാജസ്ഥാൻ 21, കേരളത്തിൽ 15 എന്നിങ്ങനെയാണ് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകൾ. ഇന്ത്യയിൽ 7,495 പുതിയ കൊറോണ വൈറസ് അണുബാധകൾ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതായും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിലൂടെ ആകെയുള്ള കേസുകളുടെ എണ്ണം 3,47,65,976 ആയി. ഇതിൽ തന്നെ ആക്ടീവ് കേസുകൾ 78,291 ആയി ഉയർന്നു വന്നു. 434 പുതിയ മരണങ്ങളോടെ മരണസംഖ്യ 4,78,759 ആയി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.