യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമം നടക്കുന്നില്ല: സി.പി.എം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി

 

തിരുവനന്തപുരം: കേരളത്തിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന സിപിഎം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കോളേജ് ക്യാമ്പസുകളില്‍ യുവതികളെ വര്‍ഗീയതയിലേക്ക് അകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇന്റലിജന്‍സ് മേധാവി ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ടുകളൊന്നും നല്‍കിയിട്ടില്ലെന്നുംമുഖ്യമന്ത്രി വ്യക്തമാക്കി. ചോദ്യോത്തര വേളയില്‍ ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു സിപിഎം പറഞ്ഞത്. പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്‍കിയ കുറിപ്പിലായിരുന്നു ഇക്കാര്യം പറഞ്ഞിരുന്നത്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതാണ് പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ചത്.

സംസ്ഥാനത്ത് വിവിധ മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ വര്‍ധിക്കുന്നതായുള്ള മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വര്‍ഗീയതയുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൊതുവില്‍ സമാധാനാന്തരീക്ഷമാണുള്ളത്. അതേസമയം, ഇത്തരം നീക്കങ്ങള്‍ തടയാന്‍ ക്രിയാത്മകമായ നടപടികള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. മത സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.