ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവം; യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

 

കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ സഞ്ചരിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ അടക്കം 9 പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വിരമിച്ച ഹൈക്കോടതി ജഡ്ജിയാവും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകും. മരിച്ചവരുടെ ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകും. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ലഖിംപൂരിലും ഡൽഹിയിലെ യുപി ഭവനു മുന്നിലും കർഷകർ പ്രതിഷേധിച്ചു.

അതേസമയം, മൂന്ന് ബിജെപി പ്രവർത്തകർ ഇവിടെ കൊല്ലപ്പെട്ടു എന്നാണ് അജയ് മിശ്ര ടേനിയുടെ അവകാശവാദം. ഇവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഒന്നുകിൽ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം. അല്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രമന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാല് കർഷകർ ഉൾപ്പെടെ 9 പേരാണ് യുപിയിൽ മരിച്ചത്. എന്നാൽ കർഷകരെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങളടങ്ങിയ പൊലീസ് റിപ്പോർട്ടിൽ അപകടത്തിൽപ്പെട്ട വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായും പറയുന്നു. കേന്ദ്രമന്ത്രി രാജി വയ്ക്കണമെന്നും സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നുമാണ് സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെ സംഘടനകളുടെ ആവശ്യം.

അതേസമയം ഡൽഹി- യു പി അതിർത്തിയിൽ കർശന പരിശോധന ശ്കതമാക്കിയിരിക്കുകയാണ് യു പി പൊലീസ്. ലഖ്‌നൗവിൽ നിന്നും ലഖിംപൂരിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും പൊലീസ് സീൽ ചെയ്തു.

അതിനിടെ ലഖിംപൂർ ഖേരിയിൽ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന കർഷകരെ കാറിടിപ്പിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംയുകത കിസാൻ മോർച്ച രാഷ്ട്രപതിക്ക് കത്തയച്ചു. സുപ്രിംകോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.