പ്രതിഷേധം അവസാനിപ്പിച്ചു: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 45 ലക്ഷവും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും

 

ന്യൂഡൽഹി: കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തിന് 45 ലക്ഷവും ഒരാൾക്ക് സർക്കാർ ജോലിയും നൽകാമെന്ന ഉറപ്പിൽ ലഖിംപുർ ഖേഡിയിലെ സമരം കർഷകർ അവസാനിപ്പിച്ചു. സർക്കാർ ഉറപ്പിന്മേൽ കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വിട്ടുനൽകി.

കൊല്ലപ്പെട്ട നാല് കർഷകരുടെയും കുടുംബത്തിന് 45 ലക്ഷം വീതം ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയത്. പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും നൽകും. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കൊണ്ട് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും സർക്കാർ അറിയിച്ചു.

10 കർഷകരാണ് സംഘർഷത്തിനിടെ കൊല്ലപ്പെട്ടത്. ഇതിൽ നാലു പേർ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര സഞ്ചരിച്ച വാഹമിനിടിച്ചാണ് മരിച്ചത്. ആശിഷ് മിശ്രയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് കർഷകർക്ക് ഉറപ്പ് നൽകി.

അപകടത്തെത്തുടർന്ന് രോഷാകുലരായ കർഷകർ രണ്ടു വാഹനങ്ങൾക്ക് തീയിട്ടിരുന്നു. വാഹനങ്ങൾ തടഞ്ഞ് കർഷകർ യാത്രക്കാരെ മർദിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. മന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും കർഷകർ കൊല്ലപ്പെട്ട സംഭവം സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടിരുന്നു.

ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ സന്ദർശനത്തോടനുബന്ധിച്ച് ടികോനിയ-ബംബിർപുർ റോഡിലാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്. കരിങ്കൊടിപ്രതിഷേധം നടത്താനായി ഉപമുഖ്യമന്ത്രി വന്നിറങ്ങുന്ന ഹെലിപാഡിനുസമീപമാണ് കർഷകർ ഒത്തുചേർന്നത്. ഞായറാഴ്ച്ച രാവിലെ ഒമ്പതു മുതൽ പ്രതിഷേധക്കാർ തമ്പടിച്ചു. എന്നാൽ, മന്ത്രി ഹെലികോപ്റ്ററിൽ വരാതെ ലഖ്നൗവിൽനിന്നു റോഡുമാർഗമെത്തി. പോലീസ് ഇക്കാര്യം അറിയിച്ചതോടെ ഉച്ചയ്ക്കു കർഷകർ മടങ്ങിപ്പോവാൻ തുടങ്ങി. രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകൾ റോഡരികിൽ കർഷകർക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാൾ വെടിയുതിർത്തതായും ദൃക്സാക്ഷികൾ പറഞ്ഞു.