ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ വമ്പൻമാർക്ക് ഞെട്ടിക്കുന്ന തോൽവി. ഗ്രൂപ്പ് ഇയിൽ ലാലീഗ കരുത്തരായ ബാഴ്‌സലോണയും പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുനൈറ്റഡും പരാജയം നുണഞ്ഞു. അതേസമയം ചെൽസി, യുവന്റസ്, ബയേൺ മ്യൂണിക് തുടങ്ങിയ ക്ലബ്ബുകൾ വിജയത്തോടെ തുടങ്ങി
സ്വിസ് ക്ലബ് യംഗ് ബോയ്‌സിനോടാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് പരാജയപ്പെട്ടത്. മത്സരത്തിന്റെ 13ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനെ മുന്നിലെത്തിച്ചു. പക്ഷേ 35ാം മിനിറ്റിൽ ആരോൺ വാൻ ബിസാക റെഡ് കാർഡ് കണ്ട് പുറത്തായതോടെ മാഞ്ചസ്റ്റർ പതറിത്തുടങ്ങി.
മുന്നേറ്റ താരങ്ങളെ പിൻവലിച്ച് പ്രതിരോധ താരങ്ങളെ ഇറക്കാനുള്ള ഗുണ്ണാറിന്റെ തീരുമാനം തിരിച്ചടിയായി. ടീം ഘടന തന്നെ തകർന്നതോടെ മാഞ്ചസ്റ്റർ 66ാം മിനിറ്റിൽ സമനില വഴങ്ങി. മത്സരം തീരാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ യംഗ് ബോയ്‌സ് അവരുടെ വിജയ ഗോളും സ്വന്തമാക്കി
ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബയേൺ മ്യൂണിക് തകർത്തത്. സ്വന്തം തട്ടകത്തിൽ നാണം കെട്ട തോൽവിയാണ് സ്പാനിഷ് വമ്പൻമാർ ഏറ്റുവാങ്ങിയത്. ബയേണിനായി റോബർട്ട് ലെവെൻഡോവ്‌സ്‌കി ഇരട്ട ഗോളുകൾ സ്വന്തമാക്കിയപ്പോൾ തോമസ് മുള്ളർ ഒരു ഗോൾ നേടി
ഗ്രൂപ്പ് എച്ചിൽ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് റഷ്യൻ ക്ലബ് സെനീതിനെ പരാജയപ്പെടുത്തി. ലുക്കാക്കുവാണ് സ്‌കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മാൽമോയെ തകർത്തു. ഡീബാല, അലെക്‌സ് സാൻഡ്രോ, മൊറാട്ട എന്നിവരാണ് സ്‌കോർ ചെയ്തത്.