മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ പത്ത് മണിക്കാണ് സുരേന്ദ്രൻ ഹാജരാകുന്നത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്
ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് പരാതി നൽകിയത്. പരാതിയിൽ ബദിയടുക്ക പോലീസ് ജൂൺ ഏഴിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രമേശന്റെ പരാതിയിൽ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെ പ്രതി ചേർക്കാൻ അനുമതി നൽകിയത്
സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ ലഭിച്ചെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെയും ബന്ധുക്കളുടെയും രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. സുരേന്ദ്രന്റെ വിശ്വസ്തരായ സുനിൽ നായ്ക്, ബാലകൃഷ്ണ ഷെട്ടി തുടങ്ങിയ ബിജെപി നേതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.