ഇന്ത്യക്ക് കൂറ്റൻ സ്‌കോർ, ഇംഗ്ലണ്ടിന് 368 റൺസ് വിജയലക്ഷ്യം; ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

 

ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസ് എന്ന നിലയിലാണ്. അവസാന ദിനമായ ഇന്ന് അവർക്ക് വിജയിക്കാനായി 291 റൺസ് കൂടി ആവശ്യമുണ്ട്. അഞ്ചാം ദിനം ബാറ്റിംഗ് ദുഷ്‌കരമായേക്കാവുന്ന പിച്ചിൽ ഇംഗ്ലണ്ട് വിജയത്തിന് ശ്രമിക്കുമോ അതോ സമനിലക്കായി കളിക്കുമോ എന്നതാണ് ആവേശകരമാക്കുന്നത്.

മറുവശത്ത് പിച്ചിന്റെ ആനൂകൂല്യത്തിൽ ഇംഗ്ലണ്ടിനെ ഓൾ ഔട്ടാക്കി വിജയം പിടിക്കാനാകും ഇന്ത്യയുടെ ശ്രമം. മികച്ച തുടക്കമാണ് ഇംഗ്ലീഷ് ഓപണർമാർ നൽകിയത്. 43 റൺസുമായി ഹസീബ് അഹമ്മദും 21 റൺസുമായി റോറി ബേൺസുമാണ് ക്രീസിൽ

സംഭവബഹുലമായിരുന്നു ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ്. ആദ്യ ഇന്നിംഗ്‌സിൽ കേവലം 191 റൺസിന് പുറത്തായതിന്റെ എല്ലാ ക്ഷീണവും ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ തീർത്തു. മുൻനിരയും മധ്യനിരയും വാലറ്റവും തകർത്തു കളിച്ചപ്പോൾ ഇന്ത്യ നേടിയത് 466 റൺസ്. രോഹിത് ശർമ 127 റൺസുമായി കളം നിറഞ്ഞപ്പോൾ പൂജാര 61, ഷാർദൂൽ താക്കൂർ 60, റിഷഭ് പന്ത് 50 എന്നിവർ അർധ സെഞ്ച്വറികളും സ്വന്തമാക്കി

കെ എൽ രാഹുൽ 46 റൺസിനും കോഹ്ലി 44 റൺസിനും വീണു. ഷാർദുൽ രണ്ടിന്നിംഗ്‌സിലും അർധ സെഞ്ച്വറി നേടി ഇന്ത്യൻ ടീമിലെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. 72 പന്തിലായിരുന്നു ഷാർദൂൽ 60 റൺസ് എടുത്തത്. ഉമേഷ് യാദവ് 23 പന്തിൽ 25 റൺസും ബുമ്ര 38 പന്തിൽ 24 റൺസുമെടുത്തു. പൂജ്യത്തിന് പുറത്തായ രഹാനെ മാത്രമാണ് നിരാശപ്പെടുത്തിയത്. ജഡേജ 17 റൺസെടുത്തു.