ആരോഗ്യരംഗത്തെ നമ്പര്‍ വണ്‍ കേരളം; കൊവിഡിലും ഒന്നാം സ്ഥാനത്ത്: ഓണം കഴിയുമ്പോള്‍ വ്യാപനം ഇരട്ടിക്കും

തിരുവനന്തപുരം : ആരോഗ്യരംഗത്തെ നമ്പര്‍ വണ്‍ കേരളം കൊവിഡിലും ഒന്നാം സ്ഥാനത്ത് . ഇന്ന് 21,119 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം ടി പി ആറിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്.
തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ പാളിച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ മാനദണ്ഡം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് . എന്നാല്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം കൊണ്ടുവന്നിട്ടും കൊവിഡിന് ഒരു കുറവും വന്നിട്ടില്ല എന്നത് ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ഓണത്തിരക്കിലേക്ക് കേരളം കടക്കാന്‍ ഒരുങ്ങവേ കൊവിഡ് നിരക്ക് ഉയരുന്നത് സംസ്ഥാന സര്‍ക്കാരിന് തലവേദനയാകുകയാണ്.

രണ്ടാം തരംഗത്തില്‍ നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ മുക്തമാകുമ്പോഴും കേരളത്തില്‍ രണ്ടാം തരംഗം നീളുകയാണ്. മൂന്നാം തരംഗത്തിനെ നേരിടുന്നതിനുള്ള പ്രതിരോധ നടപടികള്‍ മറ്റു സംസ്ഥാനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,304 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ രേഖപ്പെടുത്തിയിട്ടുള്ള ദിവസമായിരുന്നു ഇന്ന്. രാജ്യത്തെ ദിവസേനയുള്ള പോസിറ്റിവിറ്റി റേറ്റ് കഴിഞ്ഞ 15 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെയാണ് നില്‍ക്കുന്നത്.