ഒബിസി ബില്‍ പാസാക്കി ലോക്‌സഭ; സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയാറാക്കാന്‍ അനുമതി

സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയാറാക്കാന്‍ അനുമതി നല്‍കുന്ന 127ാം ഭരണഘടനാ ഭേദഗതി ലോക്‌സഭ പാസാക്കി. ഏകകണ്ഠമായാണ് ഭേദഗതി പാസാക്കിയത്. മറാത്താ കേസിലെ സുപ്രിംകോടതി വിധി നിയമംമൂലം മറികടക്കാനാണ് ഭേദഗതി. ഭരണഘടനാ ഭേദഗതി രാജ്യസഭ നാളെ പരിഗണിക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്വന്തമായി ഒബിസി പട്ടിക തയാറാക്കാന്‍ കഴിയുന്ന ഭരണ ഘടനാ ഭേദഗതിയാണ് ഒബിസി ബില്‍.

സാമൂഹ്യനീതിമന്ത്രി വീരേന്ദ്രകുമാറാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ ഓരോ സംസ്ഥാനത്തിനും സ്വന്തമായി ഒബിസി പട്ടിക തയ്യാറാക്കാന്‍ കഴിയും. പെഗാസസ് ചാരവൃത്തി, കര്‍ഷകപ്രക്ഷോഭം എന്നീ വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം ഈ ബില്‍ പാസാക്കാന്‍ ഇരുസഭയിലും സര്‍ക്കാരുമായി സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

മറാത്താ സംവരണത്തിനെതിരെയുള്ള ഹര്‍ജികളിലാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന 102-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചത്. ഭേദഗതിയനുസരിച്ച് പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഇതിനെതിരെ കേന്ദ്രം നല്‍കിയ പുനപരിശോധനാ ഹര്‍ജി തള്ളുകയുമുണ്ടായി. ഇതേ തുടര്‍ന്നാണ് വീണ്ടും ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്.