ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാർഥ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടർപട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചർച്ചകൾ കേന്ദ്രം സജീവമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തു. എന്നാൽ ഒറ്റ വോട്ടർ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകൾ നടത്തണമെന്നത് ബിജെപിയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇതിന്റെ ഭാഗമായാണ് എല്ലാവോട്ടർ പട്ടികയും ഒന്നാക്കാനുള്ള നിർദ്ദേശവുമായി കേന്ദ്രമെത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്ക് ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് പ്രത്യേകം വോട്ടർ പട്ടികയുണ്ട്. ഇവയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയും തമ്മിൽ ലയിപ്പിച്ച് ഒറ്റ വോട്ടർ പട്ടികയാക്കുക എന്നതാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
കേരളമടക്കം എഴ് സംസ്ഥാനങ്ങൾ വ്യത്യസ്തമായ വോട്ടർ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക ആക്കുക എന്നതാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. യോഗത്തിൽ രണ്ട് നിർദ്ദേശങ്ങളാണ് ഉയർന്നുവന്നത്. വോട്ടർപട്ടിക ഒന്നാക്കി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നതാണ് ഒരു നിർദ്ദേശം. മാത്രമല്ല തദ്ദേശഭരണ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാക്കുന്നതിന് നിയമ ഭേദഗതിയും ആവശ്യമാണെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നുവന്നു.