കൊവാക്‌സിന്റെ വില പ്രഖ്യാപിച്ച് ഭാരത് ബയോടെക്ക്; സംസ്ഥാനങ്ങള്‍ക്ക് 600 രൂപ: സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപ

 

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ വില എത്രയെന്ന് പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഭാരത് ബയോടെക്. സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ വാക്‌സിന്‍ നല്‍കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ കൊവാക്‌സിന് 1200 രൂപയാണ് നല്‍കേണ്ടത്.

കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതല്‍ 20 വരെ ഡോളര്‍ ഈടാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്. ഡോസിന് 150 രൂപയ്ക്കാണ് കമ്പനി കേന്ദ്ര സര്‍ക്കാരിന് വാക്‌സിന്‍ നല്‍കിയത്. ഇനി നിര്‍മ്മിക്കാനിരിക്കുന്ന പകുതിയില്‍ അധികം വാക്‌സിനും കേന്ദ്രത്തിന് തന്നെ നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വാക്‌സിന്‍ വില സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഉയരുന്നതിടെയാണ് വലിയ വിലയ്ക്ക് കൊവാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക് തീരുമാനിച്ചിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപ എന്ന നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം.