കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് വിലനിലവാരം പുതുക്കി നിശ്ചയിച്ചു. പുതുക്കിയ വിലയനുസരിച്ച് സംസ്ഥാനസര്‍ക്കാരിന് ഡോസൊന്നിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കുമാണ് വാക്‌സിന്‍ നല്‍കുക. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കമ്പനി കൂടുതല്‍ വാക്‌സിന്‍ നിര്‍മിച്ച് വിതരണം ചെയ്യുമെന്ന് സിഇഒ അഡര്‍ പൂനവാല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നിലവില്‍ 50 ശതമാനം നിര്‍മാണശേഷി കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതിക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ബാക്കി അമ്പത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വേണ്ടിയാണ്- സിഇഒ കൂട്ടിച്ചേര്‍ത്തു
മെയ് ഒന്നാം തിയ്യതി മുതല്‍ 18 വയസ്സു തികഞ്ഞവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ വാക്‌സിന് സ്വന്തം നിലയില്‍ വില നിര്‍ണയിക്കാനും കേന്ദ്ര സര്‍ക്കാര്‍ അതേ ദിവസം അനുമതി നല്‍കി. തങ്ങളുടെ വാക്‌സിന്‍ മറ്റ് വാക്‌സിനെ അപേക്ഷിച്ച് വലക്കുറവാണെന്നാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാദം. അമേരിക്കന്‍ വാക്‌സിനായ ഫൈസര്‍ ഒരു ഡോസിന് 1,500 രൂപയും സ്പുട്‌നിക്കിന് 750 രൂപയും വില വരുമ്പോളാണ് തങ്ങള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുന്നതെന്ന് പൂനെവാല പറഞ്ഞു. 30 കോടി വരുന്ന മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു മാത്രമേ ഇനി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നല്‍കൂ. മറ്റുള്ളവര്‍ സ്വകാര്യ ഏജന്‍സികളെ സമീപിക്കേണ്ടിവരും